വില്ലേജ് മാന്വലിന്റെ പരിഷ്‌കരിച്ച പതിപ്പ് റവന്യൂ വകുപ്പ് അംഗീകരിച്ചു

തിരുവനന്തപുരം: നാട്ടുകാര്‍ ആവശ്യപ്പെടുന്നതിനെല്ലാം സര്‍ട്ടിഫിക്കറ്റും സാക്ഷ്യപത്രവും നല്‍കുന്ന വില്ലേജ് ഓഫിസര്‍മാരുടെ നടപടിക്കു വിലക്ക്. 26 ഇനം സര്‍ട്ടിഫിക്കറ്റുകളേ ഇനി വില്ലേജ് ഓഫിസര്‍ക്കു നല്‍കാനാവൂ. എന്തൊക്കെ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപത്രങ്ങളും നല്‍കാമെന്നതുള്‍പ്പെടെ വില്ലേജ് ഓഫിസ് പ്രവര്‍ത്തനത്തിന്റെ സമഗ്ര മാര്‍ഗരേഖയായ വില്ലേജ് മാന്വലിന്റെ പരിഷ്‌കരിച്ച പതിപ്പ് റവന്യൂ വകുപ്പ് അംഗീകരിച്ചു.
1988ലെ വില്ലേജ് മാന്വലിലെ പിഴവുകള്‍ കൂടി പരിഹരിച്ചാണു പുതിയ രേഖ. നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ഉള്‍പ്പെടെ എല്ലാ നിയമങ്ങളും വില്ലേജ് ഓഫിസ് തലത്തില്‍ പ്രയോഗിക്കുന്നതിനെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട്. വില്ലേജ് ഓഫിസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കു ലളിതമായി മനസ്സിലാക്കാവുന്ന തരത്തിലാണു മാന്വല്‍
സ്വീപ്പര്‍ രാവിലെ 9നു ഓഫിസില്‍ എത്തിയശേഷം 12ന് അവിടെ നിന്നു പോകണം. സ്ഥലം മാറ്റമില്ലാത്ത തസ്തികയിലുള്ള ഇവരാണു കൈക്കൂലിക്കും ക്രമക്കേടിനും ഇടനിലക്കാരാകുന്നതെന്ന ആക്ഷേപം കണക്കിലെടുത്താണു കര്‍ശന നിബന്ധന.
പുറമ്പോക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിന് വില്ലേജ് ഓഫിസര്‍ കണ്‍വീനറും രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ അംഗങ്ങളുമായ ജനകീയ സമിതി രൂപീകരിക്കണം. വര്‍ഷം 1000 സര്‍വേ കല്ലുകളെങ്കിലും വില്ലേജ് അസിസ്റ്റന്റ് പരിശോധിക്കണം. അഞ്ചുവര്‍ഷംകൊണ്ട് എല്ലാ സര്‍വേ കല്ലുകളുടെയും പരിശോധന പൂര്‍ത്തിയാക്കണം. ജപ്തി നടപടികള്‍ സൂര്യോദയത്തിനുശേഷവും അസ്തമയത്തിനു മുന്‍പും പൂര്‍ത്തിയാക്കണം.
കലക്ടര്‍ക്കുവേണ്ടി വില്ലേജ് ഓഫിസര്‍ ജപ്തി നടപടികള്‍ നടത്തണം. ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യുമ്പോള്‍ മൂല്യം കുടിശിക തുകയേക്കാള്‍ കൂടരുത്. വസ്ത്രങ്ങള്‍, താലി, വിവാഹ മോതിരം, ആചാരപരമോ മതപരമായോ കാരണത്താല്‍ ശരീരത്തില്‍ നിന്നു വേര്‍പെടുത്താന്‍ പാടില്ലാത്ത ആഭരണങ്ങള്‍, കൈത്തൊഴില്‍ ഉപകരണങ്ങള്‍, ആരാധനയ്ക്കുള്ള അത്യാവശ്യ വസ്തുക്കള്‍ എന്നിവ ജപ്തി ചെയ്യരുത്.
ജപ്തി ചെയ്യുന്ന ഉദ്യോഗസ്ഥനു മുന്‍കൂര്‍ അനുമതിയില്ലാതെയും ബലംപ്രയോഗിച്ചും വീടുകളിലും കെട്ടിടങ്ങളിലും പ്രവേശിക്കാം. ഏതുമുറിയും കുത്തിപ്പൊളിച്ചു തുറക്കാനും അധികാരമുണ്ട്. എന്നാല്‍ സ്ത്രീകളുടെ താമസത്തിനു നീക്കിവച്ചിട്ടുള്ള വീടുകളിലോ മുറികളിലോ പ്രവേശിക്കുന്നതിനു മുന്‍പു സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത രണ്ടു പ്രദേശവാസികളുടെ സാന്നിധ്യത്തില്‍ നോട്ടിസ് നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *