മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ സെക്രട്ടേറിയറ്റില്‍ പുതിയ മീഡിയ റൂം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കു മുഖ്യമന്ത്രിയുടേയും ബ്ലോക്കിലെ മറ്റു മന്ത്രിമാരുടേയും പ്രതികരണം എടുക്കുന്നതിനായി സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിന്റെ താഴത്തെ നിലയില്‍ പുതിയ മീഡിയ റൂം ഒരുങ്ങുന്നു. മാധ്യമ നിയന്ത്രണത്തിനായി അടുത്ത കാലത്ത് ആഭ്യന്തര വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചു വ്യക്തമാക്കിയിരുന്നു. പ്രതികരണത്തിനായി നോര്‍ത്ത് ബ്ലോക്കിനു മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ തിങ്ങിക്കൂടി നില്‍ക്കുന്നത് ഒഴിവാക്കുകയും മന്ത്രിമാരോട് മാധ്യമപ്രവര്‍ത്തകര്‍ ഇടപഴകുന്നത് കുറയ്ക്കുന്നതിനുമാണ് പുതിയ മീഡിയ റൂം. സെക്രട്ടേറിയറ്റിലെ സാര്‍ജന്റുമാരുടെ ഓഫിസ് മുറികള്‍ ഒഴിപ്പിച്ചാണു പുതിയ മീഡിയ റൂം തയാറാക്കുന്നത്. ഇതു പൂര്‍ത്തിയാകുന്നതോടെ പിണറായി സര്‍ക്കാരിന്റെ കാലത്ത് മാധ്യമങ്ങള്‍ക്കു കൂടുതല്‍ നിയന്ത്രണം വരുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു മാധ്യമങ്ങളെ കയറ്റാതെ താഴത്തെ നിലയില്‍ വച്ചു തന്നെ തിരികെ അയയ്ക്കാന്‍ ഇതോടെ സാധിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ കണക്കുകൂട്ടല്‍.

സെക്രട്ടേറിയറ്റില്‍ പത്രസമ്മേളനത്തിനായി പിആര്‍ ചേംബറുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ മന്ത്രിസഭായോഗം വിശദീകരിക്കുന്നതിനും മറ്റുമായി കോണ്‍ഫറന്‍സ് ഹാളുമുണ്ട്. ശീതീകരിച്ച ചെറുതും വലുതുമായ ഒട്ടേറെ കോണ്‍ഫറന്‍സ് ഹാളുകളും സെക്രട്ടേറിയറ്റിലുണ്ട്. ഇതിനെല്ലാം പുറമേയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ബ്ലോക്കില്‍ പുതിയ മീഡിയ റൂം ഒരുങ്ങുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസ് നോര്‍ത്ത് ബ്ലോക്കിന്റെ നാലാം നിലയിലാണ്. അവിടെ നിന്ന് അദ്ദേഹം പുറത്തേക്കു പോകുമ്പോള്‍ പ്രധാന സംഭവവികാസങ്ങള്‍ സംബന്ധിച്ചു മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടാറുണ്ട്. ഇനി മുതല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കു താല്‍പര്യമുണ്ടെങ്കില്‍ മീഡിയ റൂമിലെത്തി പ്രതികരിക്കും.

പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാധ്യമങ്ങളോടു പ്രതികരിക്കുന്നുണ്ടോയെന്ന കാര്യം പബ്ലിക് റിലേഷന്‍സ് വകുപ്പു വഴി മുന്‍കൂട്ടി അറിയിക്കുമെന്ന് ആഭ്യന്തര വകുപ്പിന്റെ സര്‍ക്കുലറിലുണ്ട്. സെക്രട്ടേറിയറ്റിന്റെ വിവിധ ബ്ലോക്കുകളില്‍ വിഐപികളുടെ പ്രതികരണം എടുക്കാന്‍ പ്രത്യേക സൗകര്യം പിആര്‍ഡി ഒരുക്കണമെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെയും മറ്റും പ്രതികരണത്തിനു മാധ്യമങ്ങള്‍ തിരക്കുകൂട്ടുന്നതു സുരക്ഷാപ്രശ്‌നം സൃഷ്ടിക്കുന്നുവെന്ന പേരിലാണു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *