സബ് കളക്ടര്‍ക്ക് റവന്യൂ മന്ത്രി ക്ലീന്‍ ചിറ്റ് നല്‍കി

തിരുവനന്തപുരം: സബ് കളക്ടര്‍ക്ക് റവന്യൂ മന്ത്രി നിയമസഭയില്‍ ക്ലീന്‍ ചിറ്റ് നല്‍കി.സബ് കളക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ നടപടികള്‍ നിയമ വിധേയം ആയിരുന്നു എന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയില്‍ പറഞ്ഞു.

ഹൈക്കോടതിയുടെ ഉത്തരവിന് അനുസൃതമായി പുറപ്പെടുവിച്ചിട്ടുള്ള നിയമപരമായ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന് രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് രേണുരാജ് നടപടി സ്വീകരിച്ചത്. നടപടികള്‍ സ്വീകരിക്കാനെത്തിയ ഉദ്യോഗസ്ഥരെ സംഘടിതമായി കൃത്യനിര്‍വഹണത്തില്‍ നിന്നും തടയുവാനുള്ള ശ്രമമാണ് പഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റ് ജനപ്രതിനിധികളുടെയും ഭാഗത്തുനിന്നും ഉണ്ടായത്. വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന തരത്തിലുള്ള ചില പ്രസ്താവനകള്‍ നടത്തിയതായും ആക്ഷേപമുള്ളതായി മന്ത്രി പറയുന്നു.
അതേസമയം, എസ് രാജേന്ദ്രന്‍ എം.എല്‍.എ സബ് കളക്ടറെ അധിക്ഷേപിച്ചതായി മന്ത്രി പറയുന്നില്ല. സബ് കളക്ടര്‍ രേണു രാജ് തന്നെ അധിക്ഷേപിച്ചതായി കാണിച്ച് രാജേന്ദ്രന്‍ എം എല്‍ .എ സ്പീക്കര്‍ക്ക് പരാതി നല്‍കിയതായി മന്ത്രി വ്യക്തമാക്കി.
സംഭവുമായി ബന്ധപ്പെട്ട വിഷയങ്ങളൊക്കെ സബ് കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി പറഞ്ഞു. കൂടാതെ ഈ വിഷയം ഹൈക്കോടതിയെ അറിയിക്കുവാന്‍ സബ് കളക്ടര്‍ നടപടി സ്വീകരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷനേതാവ് ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രിയുടെ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *