ഷുക്കൂർ വധത്തിൽ അടിയന്തര പ്രമേയം അനുവദിച്ചില്ല ; പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാനായില്ല. പി.ജയരാജന്റെയും ടി.വി.രാജേഷ് എംഎല്‍എയുടേയും പങ്ക് വെളിച്ചത്തുവന്ന സാഹചര്യത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്നും സര്‍ക്കാരുമായി ബന്ധമില്ലെന്നും കാണിച്ച് സ്പീക്കര്‍ അടിയന്തര പ്രമേയത്തിനുള്ള നോട്ടിസ് തള്ളി.
എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയ വിഷയം നിയമസഭയിലല്ലാതെ എവിടെ ചര്‍ച്ചചെയ്യുമെന്ന് പ്രതിപക്ഷം ചോദിച്ചു. കണ്ണൂരിലെ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ സഭ മുന്‍പ് പരിഗണിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു. എന്നാല്‍ സ്പീക്കര്‍ നിലപാട് മാറ്റാന്‍ തയാറായില്ല. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ധനവിനിയോഗബില്ലും സഹകരണബില്ലും പാസാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നാണു പരാതി.

Leave a Reply

Your email address will not be published. Required fields are marked *