പി.ജയരാജനും ടി.വി.രാജേഷിനും ശിക്ഷ ഉറപ്പാക്കിയാല്‍ കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിക്കുമെന്ന് കെ.പി.എ.മജീദ്

മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടി.വി.രാജേഷിനും ശിക്ഷ ഉറപ്പാക്കിയാല്‍ കണ്ണൂരിലെ അക്രമങ്ങള്‍ താനെ അവസാനിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. ജയരാജന്റെ വാഹനം തടഞ്ഞെന്ന പേരില്‍ ഷുക്കൂറിനെ തടഞ്ഞുവച്ച്, പാര്‍ട്ടി ഗ്രാമത്തില്‍ വിചാരണ ചെയ്ത് വധശിക്ഷ നടപ്പാക്കുകയാണ് സിപിഎം ചെയ്തത്. ആശുപത്രി മുറിയിലാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതെന്ന് ലീഗ് നേരത്തെ പറഞ്ഞിരുന്നതാണ്.
മൊബൈല്‍ ഫോണില്‍ അയച്ചുകിട്ടിയ ഫോട്ടോ ഷുക്കൂറിന്റേതാണെന്ന് ഉറപ്പുരുത്തുമ്പോഴും ഗൂഢാലോചന നടക്കുമ്പോഴും ആറുപേരാണ് മുറിയിലുണ്ടായിരുന്നതെന്ന് വ്യക്തമാണ്. അതില്‍ ജയരജനെയും രാജേഷിനെയും ഒഴിവാക്കുകയാണ് പൊലീസ് ചെയ്തത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ത്തന്നെ കേസ് സിബിഐക്കു വിടാന്‍ തീരുമാനിച്ചിരുന്നു. ഷുക്കൂറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുകയാണ് സിപിഎം ചെയ്തത്.

കെ.എം.ഷാജി എംഎല്‍എ, യു.എ.ലത്തീഫ് എന്നിവരടങ്ങുന്ന ഉപസമിതിയാണ് ലീഗിനു വേണ്ടി കേസ് കൈകാര്യം ചെയ്യുന്നതെന്നും മജീദ് പറഞ്ഞു. കണ്ണൂര്‍ അക്രമങ്ങളുടെ പ്രഭവകേന്ദ്രം സിപിഎം ജില്ലാ ഓഫിസാണ്. പാര്‍ട്ടി ഓഫിസുകളില്‍ പൊലീസ് പരിശോധന പാടില്ലെന്നു പറഞ്ഞ്, ഓഫിസുകള്‍ ക്രിമിനലുകളുടെ സുരക്ഷിതകേന്ദ്രമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *