പി. ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി

കണ്ണൂര്‍: മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി.
തലശേരി കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ജയരാജനും ടി.വി. രാജേഷ് എംഎല്‍എയ്ക്കുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി. ഇതോടെ മുഖ്യപ്രതികള്‍ക്കു മേലുള്ള കൊലക്കുറ്റം ഇവര്‍ക്കും ബാധകമാകും.

മുസ്ലിംലീഗ് പ്രവര്‍ത്തകനും സംഘടനയുടെ വിദ്യാര്‍ഥിവിഭാഗമായ എംഎസ്എഫിന്റെ നേതാവുമായ അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം തളിപ്പറമ്പിനു സമീപം പട്ടുവം അരിയിലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചു മണിക്കൂറുകള്‍ക്കകമാണു ഷുക്കൂറിനെ സമീപത്തെ സിപിഎം ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു കൊലപ്പെടുത്തിയത്.
വാഹനം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നു ജയരാജനും രാജേഷും ചികില്‍സ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചു സിപിഎം പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണു കേസ്. ഗൂഢാലോചന അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റം ചുമത്തി ജയരാജനെയും രാജേഷിനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *