ബി.ജെ.പിയുടേയും കോൺഗ്രസിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണെന്ന് കോടിയേരി

തിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും, ടി.വി രാജേഷ് എം.എൽ.എയ്ക്കുമെതിരെ മുസ്ലീംലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ച സി.ബി.ഐ നടപടി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബി.ജെ.പിയുടേയും കോൺഗ്രസിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് ഉന്നതതലത്തിൽ ഗൂഢാലോചന നടത്തിയാണ് പി.ജയരാജനേയും ടി.വി രാജേഷിനേയും കള്ളക്കേസിൽ കുടുക്കി പ്രതികളാക്കിയത്. 2012ൽ കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ 73 സാക്ഷി പട്ടികയടക്കം 33 പ്രതികൾ അടങ്ങുന്ന കുറ്റപത്രമാണ് ലോക്കൽ പൊലീസ് സമർപ്പിച്ചത്. പിന്നീട് ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയെ തുടർന്നാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവുണ്ടാകുന്നത്. ലോക്കൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഒരിടത്തും പി.ജയരാജനും, ടി.വി രാജേഷും ഗൂഢാലോചന നടത്തിയതായി ആക്ഷേപമില്ല. ഗൂഢാലോചന ആരോപണം സംസ്ഥാന പൊലീസ് തള്ളിയതാണ്. പഴയ സാക്ഷി മൊഴികളെ തന്നെ അടിസ്ഥാനമാക്കിയാണ് പുതിയ വകുപ്പ് ചേർത്ത് കുറ്റപത്രം സമർപ്പിച്ചത്. ഗൂഢാലോചന ആരോപണം തെളിയിക്കുന്ന പുതിയൊരു തെളിവും പുറത്തുകൊണ്ടുവരാൻ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല-കോടിയേരി പറഞ്ഞു

 

 

Leave a Reply

Your email address will not be published. Required fields are marked *