ചൗക്കിദാര്‍ ഇപ്പോള്‍ രാജ്യത്തെ അഴിമതിക്കാരെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി

ഗുവാഹത്തി: മുന്‍ സര്‍ക്കാരുകളെല്ലാം അഴിമതിയെ ഒരു സാധാരണ സംഭവം പോലെയാണു കണ്ടിരുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തില്‍ നിന്ന് ഈ വിപത്തിനെ ഇല്ലാതാക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്.

ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) തന്നെ ഇപ്പോള്‍ രാജ്യത്തെ അഴിമതിക്കാരെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഗുവാഹത്തിയില്‍ പൊതുജനറാലി അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. രാജ്യത്ത് അഴിമതി പെരുകുമ്പോള്‍ കാവല്‍ക്കാരന്‍ മൗനത്തിലാണെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനത്തെ സൂചിപ്പിച്ചായിരുന്നു മോദിയുടെ മറുപടി.
പൗരത്വാവകാശ ബില്ലിനെപ്പറ്റി പല അപവാദങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എസി മുറിയിലിരുന്നാണു പലരും ഇതു പടച്ചു വിടുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭാഷയും സംസ്‌കാരവും വിഭവങ്ങളും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് കേന്ദ്ര സര്‍ക്കാര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വേഗത്തിലുള്ള പുരോഗതി ഉള്‍പ്പെടെ രാജ്യത്തിന്റെ മൊത്തം വികസനമാണു തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
14,000 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ അസം ഇന്ത്യയുടെ എണ്ണ-പ്രകൃതിവാതക ‘ഹബ്’ ആയി മാറും. ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനു ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബ്രഹ്മപുത്ര നദിക്കു കുറുകെ പുതിയ പാലത്തിനും മോദി തറക്കല്ലിട്ടു. പാലം വരുന്നതോടെ കിഴക്ക്, പടിഞ്ഞാറന്‍ ഗുവാഹത്തികള്‍ക്കിടയിലെ യാത്രാസമയം ഒരു മണിക്കൂറില്‍ നിന്നു 15 മിനിറ്റിലേക്കു കുറയുമെന്നും മോദി പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വികസിച്ചാല്‍ മാത്രമേ പുതിയ ഇന്ത്യയെ രൂപപ്പെടുത്തിയെടുക്കാനാവുകയുള്ളൂവെന്ന് അരുണാചല്‍ പ്രദേശില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. അരുണാചലിനു മാത്രമല്ല സമീപ സംസ്ഥാനങ്ങള്‍ക്കും സഹായകമായ 12 ജലവൈദ്യുതപദ്ധതികളാണ് താന്‍ ഉദ്ഘാടനം ചെയ്തത്. അരുണാചല്‍ പ്രദേശില്‍ പ്രധാനമന്ത്രി സൗഭാഗ്യ യോജന പ്രകാരം ഭൂരിപക്ഷം വീട്ടിലും വൈദ്യുതിയെത്തി. അധികം വൈകാതെ രാജ്യം മുഴുവനും ഇതു സംഭവിക്കും. -മോദി പറഞ്ഞു. അരുണാചല്‍ പ്രദേശിനു വേണ്ടിയുള്ള ദൂരദര്‍ശന്റെ ഡിഡി അരുണപ്രഭ ചാനലും മോദി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *