ബംഗാളില്‍ കോണ്‍ഗ്രസ് സി.പി.എമ്മുമായി സഹകരിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.എമ്മുമായി സഹകരിക്കാന്‍  ഡല്‍ഹിയില്‍ നിയമസഭാ കക്ഷി നേതാക്കന്മാരുടെയും പി.സി.സി അദ്ധ്യക്ഷന്മാരുടെയും യോഗത്തില്‍ തീരുമാനമായി. സഖ്യമാകാതെ തന്നെ പ്രാദേശിക തലത്തിലെ നീക്കുപോക്കിനാണ് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പട്ടിക ഈ മാസം 25നകം നല്‍കാനും രാഹുല്‍ ഗാന്ധി വിവിധ സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ എം.പിമാരായിരിക്കുന്നവര്‍ക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കാന്‍ രാഹുല്‍ ഗാന്ധി വിവിധ സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിറ്റിംഗ് എം.പിമാര്‍ക്ക് താത്പര്യമില്ലെങ്കില്‍ മാത്രം മറ്റൊരു സ്ഥാനാര്‍ത്ഥിയെ തിരഞ്ഞാല്‍ മതിയെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വളരെ നിര്‍ണായകമായ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങള്‍ക്ക് പുറമെ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകളും റാഫേല്‍ ഉള്‍പ്പെടെയുള്ള അഴിമതികളും ഉയര്‍ത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രാദേശിക വിഷയങ്ങളില്‍ മാത്രം പ്രചാരണം ഒതുങ്ങരുതെന്നും മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടണമെന്നും രാഹുല്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

അതേസമയം തിരഞ്ഞടുപ്പില്‍ സിറ്റിംഗ് എം.എല്‍.എമാരെ മത്സരിപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. മത്സരിക്കുന്ന കാര്യത്തില്‍ ആര്‍ക്കൊക്കെ ഇളവ് നല്‍കണമെന്ന കാര്യം രാഹുല്‍ ഗാന്ധിയാണ് തീരുമാനിക്കുകയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ മാസം 18ന് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് സംസ്ഥാന കോണ്‍ഗ്രസില്‍ തുടക്കമാകും

Leave a Reply

Your email address will not be published. Required fields are marked *