ശബരിമല കേസില്‍ ഇടപെടാന്‍ ദേവസ്വം കമ്മിഷണറേയും അധ്യക്ഷനേയും ആര് ചുമതലപ്പെടുത്തിയെന്ന് ബി.ജെ.പി

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് സുപ്രീം കോടതി മുമ്പാകെയുള്ള കേസില്‍ ഇടപെടാന്‍ ദേവസ്വം കമ്മിഷണറെയും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അധ്യക്ഷനെയും ആര് ചുമതലപ്പെടുത്തിയെന്നും പ്രസിഡന്റിനെ ഒഴിവാക്കിയത് എന്തുകൊണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബിജെപി.
ക്ഷേത്രങ്ങളുടെയും ക്ഷേത്ര ഭരണത്തിന്റെയും ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നു ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാര്‍ മുന്നറിയിപ്പു നല്‍കി. ഏതു സാഹചര്യത്തില്‍, എന്തു കാരണത്താല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുത്തു എന്നും ദേവസ്വം കമ്മിഷണറെയും റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനെയും ഡല്‍ഹിയില്‍ പോകാന്‍ ചുമതലപ്പെടുത്തിയെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തണം. അതിനായി നടത്തിയ ഡല്‍ഹി യാത്രയുടെ ചെലവ് ആരു വഹിച്ചു എന്നും അറിയിക്കണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആത്മാഭിമാനമുണ്ടെങ്കില്‍ ഇനിയെങ്കിലും രാജി എഴുതികൊടുക്കണം. നീക്കം ചെയ്യാന്‍ സര്‍ക്കാരിന് അധികാരമില്ലാത്തതിനാലാണ് അദ്ദേഹത്തെ പാവയാക്കി നിര്‍ത്തി സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തുന്നത്.
കുംഭ മാസ പൂജകള്‍ക്കു നട തുറക്കാന്‍ ഇനി ഒരാഴ്ച മാത്രമുള്ളപ്പോള്‍ ശബരിമലയിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കാനാണു സര്‍ക്കാര്‍ നീക്കം. ക്ഷേത്ര ധ്വംസനത്തിനുള്ള സിപിഎം അജണ്ട നടപ്പിലാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം ജനം തിരിച്ചറിയുമെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും ബിജെപി വക്താവ് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള ഒരു തീരുമാനവും പാര്‍ട്ടി കൈകൊണ്ടിട്ടില്ലെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ ഭാവനാസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *