ശബരിമല യുവതീപ്രവേശം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഇതുവരെ ഒരു കണക്കും പറഞ്ഞിട്ടില്ലെന്ന് എ.പത്മകുമാര്‍

തിരുവനന്തപുരം: സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ ഒരു കണക്കും പറഞ്ഞിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം സ്ഥിരീകരണമില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ശബരിമലയില്‍ ആചാരലംഘനം നടന്നതിനു പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ വിഷയത്തില്‍ തന്ത്രി കണ്ഠരര് രാജീവരര് വിശദീകരണം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മകുമാര്‍. ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടുകൂടിയെ ശുദ്ധിക്രിയ നടത്താവൂ എന്ന് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബോര്‍ഡിന്റെ അനുമതിയോടെയല്ല ശുദ്ധിക്രിയ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് തന്ത്രിയുടെ വിശദീകരണം ലഭിച്ചിട്ടില്ലെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ശബരിമല താന്ത്രിക വിധി പ്രകാരമാണ് ശുദ്ധിക്രിയകള്‍ നടത്തിയതെന്ന് തന്ത്രി വിശദീകരണ കുറുപ്പില്‍ സൂചിപ്പിച്ചിരുന്നു. ബിന്ദു, കനക ദുര്‍ഗ്ഗ എന്നിവര്‍ ശബരിമലയില്‍ എത്തി ആചാരലംഘനം നടത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് തന്ത്രി കണ്ഠരര് രാജീവരര് നടയടച്ച് ശുദ്ധിക്രിയ നടത്തിയത്‌

Leave a Reply

Your email address will not be published. Required fields are marked *