എന്‍.എസ്.എസിനെ വിമര്‍ശിക്കാന്‍ കോടിയേരിക്ക് അവകാശമില്ല: സുകുമാരന്‍നായര്‍

കോട്ടയം : ശബരിമലവിഷയത്തില്‍ ആരെയും ഭയപ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും ആരുമായും നിഴല്‍യുദ്ധത്തിനുമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകമാരന്‍ നായര്‍. സിപിഎമ്മിന്റെയെന്നല്ല, ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ആഭ്യന്തരപ്രശ്‌നങ്ങളില്‍ എന്‍എസ്എസ് ഇടപെട്ടിട്ടുമില്ല. ഇപ്പോഴത്തെ സംസ്ഥാനസര്‍ക്കാരിനോട് ആരംഭം മുതല്‍ സൗഹൃദനിലപാടേ എന്‍എസ്എസ്. സ്വീകരിച്ചിട്ടുള്ളു. അനാവശ്യമായി ഏതെങ്കിലും വിഷയങ്ങളില്‍ വിലപേശല്‍ നടത്തുകയോ ഇടപെടുകയോ ചെയ്തിട്ടില്ല.
ഈശ്വരവിശ്വാസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും നിലനില്ക്കണം എന്ന വ്യക്തമായ നിലപാട് എന്‍എസ്എസ്സിനുണ്ട്. അതിനാല്‍, ഇതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ വന്ന കേസില്‍ ആരംഭത്തില്‍തന്നെ കക്ഷിചേര്‍ന്ന്, വിശ്വാസം സംരക്ഷിക്കാന്‍ എന്‍എസ്എസ് നിലകൊള്ളുകയാണ്. അതുകൊണ്ടുതന്നെ, യുവതീപ്രവേശം സംബന്ധിച്ച വിധി വന്നപ്പോള്‍ എന്‍എസ്എസ് റിവ്യൂഹര്‍ജി ഫയല്‍ ചെയ്തു.
വിധി നടപ്പാക്കുന്ന കാര്യത്തില്‍ കോടതിയോട് സാവകാശം ചോദിക്കാതെയും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെയും പെട്ടെന്നുതന്നെ വിധി നടപ്പാക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഈ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയ അവസരത്തില്‍തന്നെ, സര്‍ക്കാരിനെ നയിക്കുന്ന പ്രധാന പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തിടുക്കം കാണിക്കരുത്, കോടതിയില്‍ ഒരു സാവകാശഹര്‍ജി ഫയല്‍ ചെയ്ത് റിവ്യൂഹര്‍ജിയുടെ തീരുമാനം വരുന്നതുവരെ നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണ് വേണ്ടതെന്നു പറഞ്ഞു. അതല്ല, ഇതേ രീതിയില്‍ മുന്നോട്ടുപോകാനാണ് തീരുമാനിക്കുന്നതെങ്കില്‍, നിങ്ങളുമായി സൗഹൃദത്തില്‍പോകുന്ന എന്‍എസ്എസ്സിന് വിശ്വാസികളോടൊപ്പം നില്‍ക്കേണ്ടിവരുമെന്നും അന്നേ വ്യക്തമാക്കിയതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ഭാഗത്തുനിന്നും അനുകൂലമായ നടപടി ഒന്നും ഉണ്ടാകാതെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതു കണ്ട്, ഒരു സാമൂഹികസംഘടനയുടെ ഉത്തരവാദിത്വപ്പെട്ട ആളെന്ന നിലയില്‍, വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ കോടിയേരിയെ വീണ്ടും ഫോണില്‍ ബന്ധപ്പെട്ടു.
അതുകഴിഞ്ഞ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുമായും ഫോണില്‍ ബന്ധപ്പെട്ടു. അതിനെയും അവഗണിച്ചുകൊണ്ട് അവരുടെ തീരുമാനവുമായി മുന്നോട്ടുപോയ സാഹചര്യത്തിലാണ് ഈശ്വരവിശ്വാസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ വിശ്വാസിസമൂഹത്തോടൊപ്പം ഉറച്ചുനില്ക്കാന്‍ എന്‍എസ്എസിനു തീരുമാനമെടുക്കേണ്ടിവന്നത്. അതില്‍ എന്‍എസ്എസ് രാഷ്ട്രീയം കണ്ടില്ല.ഇക്കാരണം കൊണ്ട് എന്‍എസ്എസ്സിനെതിരെ വാളോങ്ങാനോ എന്‍എസ്എസിന്റെ ഇക്കാര്യത്തിലുള്ള നിലപാടിനെ വിമര്‍ശിക്കാനോ എന്‍എസ്എസ്സിനെ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണനോ അനുയായികള്‍ക്കോ ധാര്‍മ്മികമായ അവകാശം ഇല്ലെന്നുള്ള കാര്യം മനസ്സിലാക്കുന്നത് നല്ലതാണെന്നും സുകുമാരന്‍ നായര്‍ ഓര്‍മിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *