രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനെ സംരക്ഷിക്കാനാണ് മമത ശ്രമിക്കുന്നതെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പു കേസിലെ നിര്‍ണായക തെളിവുകളായ ചുവന്ന ഡയറിയും പെന്‍ ഡ്രൈവുകളും ഒളിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിഷേധ ധര്‍ണയെന്ന് ബിജെപി. രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനെ സംരക്ഷിക്കാനാണ് മമത ശ്രമിക്കുന്നതെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ആയിരക്കണക്കിനു ചെറുകിട നിക്ഷേപകരുടെ പണം വെട്ടിച്ച ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകളെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു ഇപ്പോഴത്തെ കമ്മിഷണറായ രാജീവ് കുമാര്‍. സിബിഐ ചില ചോദ്യങ്ങള്‍ ചോദിച്ചറിയാന്‍ കാത്തിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ ഒളിപ്പിക്കാന്‍ ഒരു മുഖ്യമന്ത്രി ശ്രമിക്കുന്നതു വിചിത്രമായ കീഴ്വഴക്കമാണെന്ന് ജാവദേക്കര്‍ പറഞ്ഞു. തൃണമൂല്‍ എംപിമാരും എംഎല്‍എമാരുമായ കുണാല്‍ ഘോഷ്, സഞ്ജയ് ബോസ്, സുദീപ് ബന്ദോപാദ്ധ്യായ, തപസ് പാല്‍, മദന്‍ മിത്ര എന്നിവരെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇവരെയാരും സംരക്ഷിക്കാന്‍ ശ്രമിക്കാത്ത മമത ഒരു പൊലീസ് കമ്മിഷണറെ സംരക്ഷിക്കാന്‍ വേണ്ടി തെരുവിലിറങ്ങിയത് എന്തിനാണെന്നും ജാവദേക്കര്‍ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *