2014ൽ ബി.ജെ.പിയും ആം ആദ്മ‌ിയും തന്നെ ഉപയോഗിച്ചു: അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും തന്നെ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുമായി അണ്ണാ ഹസാരെ രംഗത്തെത്തി. ലോക്പാല്‍ ബില്‍ നടപ്പിലാക്കുക, രാജ്യത്ത് നിന്നും അഴിമതി തുടച്ച് നീക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന നിരാഹാരത്തിന്റെ ആറാം ദിവസമാണ് അണ്ണാ ഹസാരെയുടെ വെളിപ്പെടുത്തല്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വിവിധ വിഷയങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
2014ല്‍ താന്‍ നടത്തിയ സമരത്തിന്റെ ഫലമായാണ് ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും അധികാരത്തില്‍ കയറിയതെന്ന് എല്ലാവര്‍ക്കും അറിയാം. ബി.ജെ.പി തന്നെ നന്നായി ഉപയോഗിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മഹാരാഷ്ട്രയിലെ സര്‍ക്കാരാകട്ടെ കള്ളങ്ങള്‍ മാത്രം പറയുന്നു. എത്ര കാലം ഇങ്ങനെ തുടരും. രാജ്യത്തെ ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. തന്റെ ആവശ്യങ്ങളില്‍ 90 ശതമാനവും അംഗീകരിച്ചെന്ന സര്‍ക്കാരിന്റെ അവകാശവാദവും തെറ്റാണ്. ഇപ്പോള്‍ കേന്ദ്രമന്ത്രിമാര്‍ വന്ന് താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ ചര്‍ച്ച നടത്തുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരാഹാര സമരം തുടങ്ങി ആറാം ദിവസമാണ് അണ്ണാ ഹസാരെ ഇക്കാര്യത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്. താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ തനിക്ക് ലഭിച്ച പദ്മ പുരസ്‌ക്കാരങ്ങള്‍ തിരികെ നല്‍കുമെന്നും അണ്ണാ ഹസാരെ ഭീഷണി മുഴക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *