എംപാനല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളി; ഒഴിവുകള്‍ പിഎസ്‌സി വഴി നികത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിന്നു പിരിച്ചു വിടപ്പെട്ട എംപാനല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ ഹൈക്കോടതി തള്ളി. പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് കേസിലെ വിധി കെഎസ്ആര്‍ടിസിക്കു ബാധകമാണ്. അതുകൊണ്ടു തന്നെ ഒഴിവുകള്‍ പിഎസ്‌സി വഴി നികത്തണമെന്ന് പിഎസ്‌സി അഡൈ്വസ് മെമ്മോ കിട്ടിയവരുടെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടു ഹൈക്കോടതി കെഎസ്ആര്‍ടിസിയോടു നിര്‍ദേശിച്ചു.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടു തര്‍ക്കമുണ്ടങ്കില്‍ എം പാനല്‍ ജീവനക്കാര്‍ക്കു വ്യാവസായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കാം. എംപാനല്‍ കണ്ടക്ടര്‍മാര്‍ ഇത്രയും നാള്‍ ജോലി ചെയ്തതിനാല്‍ അവര്‍ക്കു നിയമപരമായ അവകാശങ്ങളുണ്ട്. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ എം പാനല്‍ ജീവനക്കാരെ ആരും നിര്‍ബന്ധിച്ചിരുന്നില്ല. എം.പാനല്‍ ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി വ്യാജ പ്രതീക്ഷ നല്‍കി. ഒഴിവുകളെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ കെഎസ്ആര്‍ടിസി തയാറായില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
അടിയന്തര ഘട്ടങ്ങളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കുന്ന താല്‍ക്കാലിക ജീവനക്കാരുടെ സര്‍വീസ് 180 ദിവസത്തില്‍ കൂടരുതെന്നാണ് സര്‍വീസ് ചട്ടം. തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ ഒഴിവുകള്‍ സമയാസമയം പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യണം. നിയമനത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടേണ്ടതുള്ളൂ എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിവ് വി. ചിദംബരേഷ്, ജസ്റ്റിസ് നാരായണപ്പിഷാരടി എന്നിവരടങ്ങിയ ഡിവഷന്‍ ബെഞ്ചാണ് കേസ് തീര്‍പ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *