മമതാ ബാനർജിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കൾ

ന്യൂഡല്‍ഹി: കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പിന്തുണയുമായി വിവിധ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയപ്പോള്‍ എതിര്‍ ശബ്ദം ഉയര്‍ത്തിയത് സി.പി.എം മാത്രം. കഴിഞ്ഞ ദിവസം നടന്നതെല്ലാം തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള നാടകമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടാകുമെന്ന് കരുതിയ തൃണമൂല്‍ കോണ്‍ഗ്രസ് ഇടഞ്ഞതാണ് ഇപ്പോള്‍ ശാരദ, റോസ് വാലി തട്ടിപ്പുകള്‍ കുത്തിപ്പൊക്കാന്‍ കാരണമെന്നും കോടിയേരി ആരോപിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാനമായ ആരോപണമാണ് ഉന്നയിച്ചത്.

അതേസമയം, ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെയും മോദിയുടെയും ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്ന് കീഴ്‌പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ഫാസിസ്റ്റ് ശക്തികളെ തകര്‍ക്കുമെന്നും കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി പറഞ്ഞു. പൊലീസ് കമ്മീഷണറെ കസ്റ്റഡിയില്‍ എടുക്കാന്‍ ഉള്ള സി.ബി.ഐ നടപടിയെ തടഞ്ഞ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പിന്തുണച്ച രാഹുല്‍ മമതാ ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചെന്നും ട്വിറ്ററില്‍ കുറിച്ചു. അവരെ അനുകൂലിച്ച് മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി വേട്ടയാടാന്‍ മോദി സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *