ബംഗാളിൽ പ്രതിഷേധം വ്യാപകം

കൊല്‍ക്കത്ത: പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡിനെത്തിയതിനെ തുടര്‍ന്നുണ്ടായ നാടകീയ നീക്കങ്ങള്‍ തുടരുന്നു. സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി മെട്രോ ചാനലില്‍ ധര്‍ണ നടത്തുകയാണ്. രാജീവ് കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ധര്‍ണ. രാജ്യത്തെ ഭരണഘടനയും ഫെഡറല്‍ സംവിധാനവും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ധര്‍ണയെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് മേധാവി രാജീവ് കുമാറിന്റെ വീട് പരിശോധിക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയതിനു പിന്നാലെയാണ് മമതാ ബാനര്‍ജി സ്ഥലത്തെത്തിയത്. സിബിഐ നടപടിക്കെത്തിരെ സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.
റെയ്ഡിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. വീടിനു മുന്‍പില്‍ സിബിഐ ഉദ്യോഗസ്ഥരും പൊലീസും തമ്മില്‍ ബലപ്രയോഗം നടന്നു. സംസ്ഥാന പൊലീസ് മേധാവി, കൊല്‍ക്കത്ത മേയര്‍ ഉള്‍പ്പെടെയുള്ളവരും രാജീവ് കുമാറിന്റെ വീട്ടിലെത്തിയത്. കൊല്‍ക്കത്തയിലെ സിബിഐ ഓഫിസ് പൊലീസ് വളഞ്ഞു. സിബിഐ ജോയിന്റ് ഡയറക്ടറുടെ വീടിനു മുന്നിലും പൊലീസെത്തിയിട്ടുണ്ട്. ഇവിടേയ്ക്ക് സിആര്‍പിഎഫ് ജവാന്മാരെ നിയോഗിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *