സിപിഎമ്മിന് വോട്ട് നല്‍കി വോട്ടവകാശം പാഴാക്കരുതെന്നും ശശി തരൂര്‍ എംപി

തൃശൂര്‍ : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണെന്നു ശശി തരൂര്‍ എംപി. ആരു മല്‍സരിക്കും, ആര്‍ക്കു ഭൂരിപക്ഷം ലഭിക്കുമെന്നു ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. രാഹുല്‍ ഗാന്ധി ക്ഷേത്രസന്ദര്‍ശനം നടത്തുന്നതു മൃദുഹിന്ദുത്വമാണെന്നു ബിജെപി ആരോപിക്കുന്നതില്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ ഡിസിസി ആരംഭിച്ച പൊളിറ്റിക്കല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശി തരൂര്‍.

എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കലും അംഗീകരിക്കലുമാണ് കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്ന നയം. അല്ലാതെ സ്വന്തം വിശ്വാസത്തെ അക്രമത്തിലൂടെ മറ്റുള്ളവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നതല്ല. ബിജെപി ഉയര്‍ത്തുന്ന ഹിന്ദുത്വ വാദമല്ല എന്റെ ഹിന്ദുമതമെന്നു ധൈര്യപൂര്‍വം പറയാന്‍ ഓരോ ഹിന്ദുമതസ്ഥനും കഴിയണം. കേരളത്തില്‍ വര്‍ഗീയത വളര്‍ത്താനുള്ള ബിജെപി ശ്രമങ്ങളെ മലയാളികള്‍ െചറുത്തു തോല്‍പ്പിക്കും.
സിപിഎമ്മിന് വോട്ട് നല്‍കി വോട്ടവകാശം പാഴാക്കരുതെന്നും തരൂര്‍ പറഞ്ഞു. യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അഞ്ചോ പത്തോ വര്‍ഷം വേണം. കംപ്യൂട്ടറിനും മൊബൈല്‍ ഫോണിനുമെതിരെ അവര്‍ നടത്തിയ ബഹളങ്ങള്‍ എല്ലാവരും ഓര്‍ക്കണമെന്നും തരൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *