എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍നിന്ന് മര്‍ദനമേറ്റ പൊലീസ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പാളയത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍നിന്ന് മര്‍ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി. പേരൂര്‍ക്കട എഎസ്പി ക്യാംപിലെ ശരത്തിനെ സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ കുറിപ്പ് ഇട്ടതിന്റെ പേരിലാണു നടപടി. പാളയം യുദ്ധസ്മാരകത്തിനു സമീപത്തുവച്ചാണ് പൊലീസ് ഉദ്യോഗസ്ഥരായ ശരത്തിനെയും വിനയചന്ദ്രനെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.
2018 ഡിസംബര്‍ 12നായിരുന്നു സംഭവം. സിഗ്‌നലില്‍ ബൈക്ക് തടഞ്ഞുവെന്ന് ആരോപിച്ചു നടുറോഡില്‍വച്ചാണ് അക്രമം നടന്നത്. യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. തുടര്‍ന്ന് എസ്എഫ്‌ഐ നേതാവ് നസീം കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു. മന്ത്രി എ.കെ. ബാലന്‍ പങ്കെടുത്ത പരിപാടിയില്‍ നസീമും ഉള്ളതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു കീഴടങ്ങല്‍. പാര്‍ട്ടി നിര്‍ദേശ പ്രകാരമായിരുന്നു കീഴടങ്ങല്‍ എന്നാണു വിവരം.
അക്രമത്തിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊലീസുകാരന്‍ ശരത്തിനെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കാന്‍ ശ്രമം നടത്തിയതായും ആരോപണം ഉണ്ടായിരുന്നു. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെട്ട കേസ് ഇല്ലാതാക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം പൊലീസിലെ ഉന്നത തലത്തില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്.എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തില്‍ പ്രതികരിച്ച സംഭവത്തിലാണ് ഇപ്പോഴത്തെ നടപടിയെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *