സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി

തിരുവനന്തപുരം: നമ്പി നാരായന് പത്മ പുരസ്‌കാരം നല്‍കി ആദരിക്കുന്നതിനെ വിമര്‍ശിച്ച മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി രംഗത്തെത്തി. സെന്‍കുമാറിന്റെ പ്രസ്താവനകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇതുപോലുള്ള പൊലീസുകാരാണ് നമ്പി നാരായണന്റെ ജീവിതം തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടിയാണ് സെന്‍കുമാര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. നമ്പി നാരായണനെ വിമര്‍ശിക്കാന്‍ മാത്രം സെന്‍കുമാര്‍ വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്പി നാരായണനെതിരെയുള്ള സെന്‍കുമാറിന്റെ പ്രസ്താവനകള്‍ പരിഹാസ്യമാണ്. അത് എന്നെ ഏറെ വേദനിപ്പിച്ചു. പത്മഭൂഷണ്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ആ തീരുമാനത്തെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ വിമര്‍ശിക്കുന്നത് ശരിയായ രീതിയല്ല. മുന്‍ ഡി.ജി.പി ഇപ്പോള്‍ സമൂഹത്തിന് വേണ്ടിയല്ല സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. തിരഞ്ഞെടുപ്പില്‍ എവിടെയെങ്കിലും ഒരു സീറ്റ് കിട്ടണം,? അല്ലെങ്കില്‍ ഒരു ഗവര്‍ണര്‍ സ്ഥാനമെങ്കിലും ഒപ്പിച്ചെടുക്കണം.
സെന്‍കുമാര്‍ ഏത് പാര്‍ട്ടിക്ക് വേണ്ടിയാണോ സംസാരിക്കുന്നത് ആ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയുടെ തീരുമാനത്തെപ്പോലും അംഗീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. വ്യക്തിലാഭത്തിനായി സെന്‍കുമാറിനെ പോലെ ചില പൊലീസുകാരുടെ പ്രവര്‍ത്തിയാണ് നമ്പി നാരായണന്റെ ജീവിതം തകര്‍ത്തത്. സെന്‍കുമാറിനെതിരെ നമ്പി നാരായണന്‍ കേസ് കൊടുത്തിട്ടുണ്ട്. അദ്ദേഹത്തെ വിമര്‍ശിക്കാന്‍ മാത്രം സെന്‍കുമാര്‍ വളര്‍ന്നിട്ടില്ല.’ മേജര്‍ രവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *