ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കട യാത്ര: എന്‍ഡോസള്‍ഫാന്‍ സമരസമിതി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരസമിതി മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് സമരസമിതി. ദുരിതബാധിതര്‍ നടത്തി വരുന്ന സമരം തുടരുമെന്നും സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി വ്യക്തമാക്കി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യ മന്ത്രി കെ കെ ശൈലജയുമാണ് സമരസമിതിയുമായി ചര്‍ച്ച നടത്തിയത്. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കട യാത്ര നടത്തുമെന്നും ഇരകളെ നിശ്ചയിക്കുന്നതിൽ അതിർത്തികൾ ബാധകമാക്കരുതെന്നും സമിതി പറഞ്ഞു.

തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബത്തിന്‍റെ പട്ടിണിസമരം മൂന്നാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. സഹായത്തിന് അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

എൻഡോസൾഫാൻ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. മുഴുവൻ ദുതിതബാധിതരേയും സർക്കാർ ലിസ്റ്റിൽ ഉൾപ്പെടുത്തുക,സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും നൽകുക, കടങ്ങൾ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

ഒരു വർഷംമുമ്പ് ഇതുപോലെ കാസർകോഡ് നിന്നെത്തിയ ദുരിതബാധിതർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തിരുന്നു. അന്ന് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നടപ്പായില്ലെന്നാണ് സമര സമിതി ആരോപിക്കുന്നത്. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *