സെഡൻ പാർക്കിൽ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി

ഹാമില്‍ട്ടന്‍: ആദ്യ മൂന്നു മല്‍സരങ്ങളിലും വിജയം നേടി പരമ്പര ഉറപ്പാക്കിയതിന്റെ ആശ്വാസത്തിലായിരുന്ന ഇന്ത്യയ്ക്ക് ദയനീയ തോല്‍വി.

ബാറ്റിങ്ങില്‍ പാടെ തകര്‍ന്നുപോയ ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ന്യൂസീലന്‍ഡ് തകര്‍ത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ 92 റണ്‍സിന് പുറത്തായപ്പോള്‍, 212 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസീലന്‍ഡ് ലക്ഷ്യം കണ്ടു. ഇന്ത്യയ്‌ക്കെതിരെ ഇത്രയേറെ പന്തുകള്‍ ബാക്കിനില്‍ക്കെ ഒരു ടീം വിജയം നേടുന്നത് ചരിത്രത്തിലാദ്യം.പരമ്പര നേരത്തെ തന്നെ നഷ്ടമാക്കിയെങ്കിലും ഹാമില്‍ട്ടണിലെ സെ!ഡന്‍പാര്‍ക്കില്‍ നേടിയ ഈ തകര്‍പ്പന്‍ ജയം ന്യൂസീലന്‍ഡിന് വലിയ ആശ്വാസമായി. ഇന്ത്യയ്ക്കാകട്ടെ, താല്‍ക്കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ 200 ാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വി വഴങ്ങിയതിന്റെ കനത്ത ഞെട്ടലും. പരമ്പരയിലെ അവസാന മല്‍സരം വെല്ലിങ്ടണ്‍ വെസ്റ്റ്പാക് സ്‌റ്റേഡിയത്തില്‍ ഫെബ്രുവരി മൂന്നിന് നടക്കും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക്, 10 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത ട്രെന്റ് ബൗള്‍ട്ട്, 10 ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം എന്നിവരുടെ പ്രഹരങ്ങളാണ് തിരിച്ചടിയായത്. ഇതോടെ ഏകദിനത്തില്‍ തങ്ങളുടെ ചെറിയ ഏഴാമത്തെ സ്‌കോറിന് ഇന്ത്യ പുറത്തായി. മറുപടി ബാറ്റിങ്ങില്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (14), കെയ്ന്‍ വില്യന്‍സണ്‍ (11) എന്നിവര്‍ പുറത്തായെങ്കിലും ഹെന്റി നിക്കോള്‍സ് (42 പന്തില്‍ 30), റോസ് ടെയ്‌ലര്‍ (25 പന്തില്‍ 37) എന്നിവര്‍ ചേര്‍ന്ന് കിവീസിനെ വിജയതീരമണച്ചു. പിരിയാത്ത മൂന്നാം വിക്കറ്റില്‍ നിക്കോള്‍സ്‌ടെയ്!ലര്‍ സഖ്യം 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ന്യൂസീലന്‍ഡിന് ഇന്നിങ്‌സിലെ ആദ്യ പന്തു തന്നെ സിക്‌സും രണ്ടും മൂന്നും പന്തുകള്‍ ബൗണ്ടറിയും പായിച്ച് തകര്‍പ്പന്‍ തുടക്കമാണ് മാര്‍ട്ടിന്‍ ഗപ്റ്റില്‍ സമ്മാനിച്ചത്. എന്നാല്‍, നാലാം പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചടിച്ചു. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് സമ്മാനിച്ച് ഗപ്റ്റില്‍ പുറത്ത്. നാലു പന്തില്‍ 14 റണ്‍സായിരുന്നു സമ്പാദ്യം. സ്‌കോര്‍ 39ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനെയും ഭുവനേശ്വര്‍ തന്നെ മടക്കി. 18 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 11 റണ്‍സടുത്ത വില്യംസന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന്റെ കൈകളിലൊതുങ്ങി. പിന്നീട് മൂന്നാം വിക്കറ്റില്‍ ടെയ്‌ലര്‍–നിക്കോള്‍സ് സഖ്യം നിലയുറപ്പിച്ചതോടെ കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ ന്യൂസീലന്‍ഡ് വിജയത്തിലെത്തി

Leave a Reply

Your email address will not be published. Required fields are marked *