പട്ടിണിക്കാരായി ആരുമില്ലാത്ത ഇന്ത്യ സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി : അഴിമതിയില്ലാത്ത, പ്രാഥമിക വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും എല്ലാവര്‍ക്കും ലഭിക്കുന്ന, പട്ടിണിക്കാരായി ആരുമില്ലാത്ത ഇന്ത്യ സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. രാജ്യത്തെ ഓരോ പൗരന്റെയും ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ മുന്നോട്ടുവയ്ക്കുന്നതു മൂലം രാജ്യത്തെ ജനങ്ങളുടെ വിശ്വാസവും സ്‌നേഹവും ആര്‍ജ്ജിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ഓരോ കുട്ടിക്കും പുരോഗമിക്കാന്‍ കഴിയുന്ന, ഓരോ പെണ്‍കുട്ടിയും സുരക്ഷിതയാകുന്ന പുതിയൊരു ഇന്ത്യക്കായി പ്രവര്‍ത്തിക്കാന്‍ ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി സമസ്ത മേഖലകളിലും രാജ്യത്തുടനീളം അതിവേഗം വികസനം കൈവരിക്കാന്‍ സര്‍ക്കാരിനു സാധിച്ചെന്നും രാഷ്ട്രപതി അവകാശപ്പെട്ടു.
ഇന്ത്യയില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതിന് പൗരത്വ ഭേദഗതി ബില്‍ സഹായകരമാകുമെന്ന് രാഷ്ട്രപതി പറഞ്ഞു. മറ്റേതെങ്കിലും രാജ്യത്ത് എതിര്‍പ്പു നേരിട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് എളുപ്പമാക്കാന്‍ ഇതിലൂടെ കഴിയും. ഇത്തരത്തിലുള്ളവര്‍ കുറ്റക്കാരല്ലെന്നും സാഹചര്യങ്ങളുടെ ഇരകളാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *