മദ്യം, സിനിമാടിക്കറ്റ്, സിഗരറ്റ്, സോപ്പ്, സിമന്റ്, കാര്‍, ബൈക്ക്, കണ്ണട, ടൂത്ത് പേസ്റ്റ് എന്നിവയ്ക്ക് വിലകൂടും

തിരുവനന്തപുരം : ഉയര്‍ന്ന ജിഎസ്ടി സെസ് സ്ലാബിലെ ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്താന്‍ ബജറ്റില്‍ തീരുമാനം. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉല്‍പന്നങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്കാണു സെസ് ഏര്‍പ്പെടുത്തുക. സിനിമാ ടിക്കറ്റിനും ബീയറിനും വൈനിനും വില കൂടും. മദ്യത്തിന് രണ്ട് ശതമാനം നികുതി വര്‍ധിപ്പിച്ചു.

സ്വര്‍ണം, സിമന്റ്, ഗ്രാനൈറ്റ്, കാര്‍, എസി, ഫ്രിഡ്ജ്, സിഗരറ്റ്, ശീതള പാനീയങ്ങള്‍, ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, സോപ്പ്, കംപ്യൂട്ടര്‍, അതിവേഗ ബൈക്കുകള്‍, നോട്ട് ബുക്, കണ്ണട, ടിവി, സ്‌കൂള്‍ ബാഗ്, മുള ഉരുപ്പടികള്‍, സെറാമിക് ടൈലുകള്‍, കയര്‍, ബിസ്‌കറ്റ്, പ്ലൈവുഡ്, വെണ്ണ, നെയ്യ്, പാല്‍ എന്നിവയ്ക്കും വില വര്‍ധിക്കും.
സ്വര്‍ണം ഒഴികെ 5 ശതമാനത്തിനു മുകളിലെ സ്ലാബില്‍പെട്ട എല്ലാ ചരക്കുകള്‍ക്കും സെസ് ബാധകമായിരിക്കും. കോംപോസിഷന്‍ നികുതി സമ്പ്രദായം സ്വീകരിച്ചിട്ടുള്ള ചെറുകിട വ്യാപാരികളെയും സെസ് ചുമത്തുന്നതില്‍നിന്ന് ഒഴിവാക്കി. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ക്ക് കാല്‍ ശതമാനവും 12, 18, 28 സ്ലാബില്‍ വരുന്ന ഉല്‍പന്നങ്ങളുടെയും എല്ലാത്തതരം സേവനങ്ങളുടെയും വിതരണത്തിന് വിതരണ വിലയിന്‍ന്മേല്‍ ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്താനുമാണ് തീരുമാനം.
സിനിമാ ടിക്കറ്റിനു 10 ശതമാനം വിനോദനികുതി ഏര്‍പ്പെടുത്തി. ആഡംബര വീടുകള്‍ക്കു നികുതി കൂട്ടി. 3000 ചതുരശ്രഅടിക്കു മുകളിലുള്ള വീടുകള്‍ക്കാണ് അധികനികുതി ചുമത്തുന്നത്. 20 ലക്ഷം മുതല്‍ 50 ലക്ഷം വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് 6 ശതമാനം സേവനനികുതിയായി നിജപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ചാണ് ധനമന്ത്രി ഡോ. തോമസ് ഐസക് തന്റെ പത്താം ബജറ്റിനു തുടക്കം കുറിച്ചത്. പ്രളയത്തില്‍നിന്നു കരകയറാന്‍ 3000 കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. പുനര്‍നിര്‍മാണത്തിനുള്ള വിഭവസമാഹരണം കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തി. സൗഹൃദരാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ല. അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയിട്ടില്ല. കേരളത്തിനോട് എന്തിനീ ക്രൂരതയെന്നും മന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *