കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തുനിന്ന് തച്ചങ്കരിയെ മാറ്റി

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ ജെ.തച്ചങ്കരിയെ തല്‍സ്ഥാനത്തുനിന്നു നീക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി.ദിനേശിനാണു പകരം ചുമതല. റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വി.വേണുവിനെ നിയമിക്കാനും തീരുമാനിച്ചു. റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന്‍ വ്യാഴാഴ്ച വിരമിക്കുന്ന ഒഴിവിലാണു നിയമനം
കെഎസ്ആര്‍ടിസിയെ കടക്കെണിയില്‍നിന്നു രക്ഷിക്കുമെന്നു വാഗ്ദാനം നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കോര്‍പറേഷന്റെ അഞ്ചാമത്തെ മേധാവിയാണ് എം.പി.ദിനേശ്. കെഎസ്ആര്‍ടിസി തലപ്പത്ത് തച്ചങ്കരി ഒരു വര്‍ഷം തികയ്ക്കാന്‍ രണ്ടര മാസത്തോളം ശേഷിക്കേയാണു സ്ഥാനചലനം. സിഎംഡി ആയിരുന്ന ഡിജിപി എ.ഹേമചന്ദ്രനില്‍നിന്നാണു തച്ചങ്കരി ചുമതലയേറ്റത്. കെഎസ്ആര്‍ടിസി ആസ്ഥാനത്തു തബല വായിച്ചുകൊണ്ടു തച്ചങ്കരി ചുമതലയേറ്റതു വലിയ വാര്‍ത്തയായിരുന്നു.
തച്ചങ്കരിയുടെ പല നടപടികളും സര്‍ക്കാരിന്റെയും തൊഴിലാളി യൂണിയനുകളുടെയും എതിര്‍പ്പു ക്ഷണിച്ചുവരുത്തി. തച്ചങ്കരിയെ നീക്കണമെന്നാവശ്യപ്പെട്ടു ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ രണ്ടു സിപിഎം പ്രതിനിധികള്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി. ജീവനക്കാരുടേയും യൂണിയന്‍ പ്രവര്‍ത്തകരുടെയും എതിര്‍പ്പുകളും തുടര്‍ച്ചയായി നേരിടേണ്ടി വന്നു. തച്ചങ്കരിയെ കെഎസ്ആര്‍ടിയിലേക്കു കൊണ്ടുവരുന്നതിനോടു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് ആദ്യം താല്‍പര്യമുണ്ടായിരുന്നില്ല. പിന്നീട് ധാരണയിലെത്തിയതിനെ തുടര്‍ന്നായിരുന്നു നിയമനം
പൊലീസില്‍ തസ്തിക വേണമെന്ന തച്ചങ്കരിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നു സ്റ്റേറ്റ്് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപിയായും അദ്ദേഹത്തെ നിയമിച്ചിരുന്നു. എഡിജിപിയെന്ന നിലയില്‍ തച്ചങ്കരിയുടെ ശമ്പളവും അലവന്‍സുകളുമെല്ലാം പൊലീസില്‍നിന്നു നല്‍കിയിരുന്നതിനാല്‍ കെഎസ്ആര്‍ടിസിക്കു സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നില്ല.
മാനേജിങ് ഡയറക്ടര്‍ സ്ഥാനമേറ്റു കാര്യങ്ങള്‍ ഒരുവിധം പഠിച്ചു പരിഷ്‌കരണ നടപടികള്‍ തുടങ്ങിവയ്ക്കുമ്പോഴേക്കും മാറ്റുകയെന്ന സമീപനം തച്ചങ്കരിയെ നീക്കിയതിലൂടെ സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണ്. നേരത്തേ ഡ്യൂട്ടി പരിഷ്‌കരണം, കോര്‍പറേഷന്‍ വിഭജനം ഉള്‍പ്പെടെ കാര്യങ്ങളില്‍ എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ കൃത്യമായ പഠനം നടത്തി നടപടികള്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ മാറ്റിയത്. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം കെഎസ്ആര്‍ടിസി സ്വന്തം കയ്യില്‍നിന്നു ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ തുടങ്ങിയതിനു പിന്നാലെയാണു തച്ചങ്കരിയെ നീക്കിയത്.
കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായി കെഎസ്ആര്‍ടിസി സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയില്ലാതെ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ ഒരുങ്ങിയിരുന്നു. സര്‍ക്കാരില്‍ നിന്ന് 20 മുതല്‍ 50 കോടി വരെ സഹായം വാങ്ങിയാണ് എല്ലാ മാസവും ശമ്പളം നല്‍കിയിരുന്നത്. നിലയ്ക്കല്‍-പമ്പ സര്‍വീസ് വഴി 45.2 കോടി രൂപ കെഎസ്ആര്‍ടിസിക്കു ലഭിച്ചു. ഇതിനു പുറമെ കോര്‍പറേഷനില്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളിലൂടെ ചെലവു കുറയ്ക്കുകയും വരുമാനം വര്‍ധിപ്പിക്കുകയും ചെയ്തതും തുണയായി.

Leave a Reply

Your email address will not be published. Required fields are marked *