സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയെന്ന് ഭാര്യ സീന

കൊച്ചി : സിപിഎം നേതാവും മുന്‍ എംഎല്‍എയുമായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ മരണവുമായി ബന്ധപ്പെട്ട ആശങ്കകളുമായി ഭാര്യ സീന ഭാസ്‌കര്‍. മെഡിക്കല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പലതും തെറ്റായിരുന്നെന്നും മരണത്തെക്കുറിച്ചു പലരും പല കഥകളാണു തന്നോടു പറഞ്ഞതെന്നും സീന ഭാസ്‌കര്‍ പറയുന്നു.
‘മരണത്തിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലും സംശയമുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോ ഹൃദ്രോഗിയാണെന്നാണു പറയുന്നത്. ഇതു തെറ്റാണ്. ബ്രിട്ടോയ്ക്കു ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ വയസ്സും തെറ്റായാണു നല്‍കിയിരിക്കുന്നത്. ബ്രിട്ടോയുടെ അവസാന നിമിഷങ്ങള്‍ സംബന്ധിച്ചു സംശയമുണ്ട്. യാത്രയ്ക്കിടെയായിരുന്നു അദ്ദേഹം മരിച്ചത്
രാവിലെ മുതല്‍ അദ്ദേഹം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടിയില്ല. അവസാന നിമിഷങ്ങളില്‍ ബ്രിട്ടോയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഇപ്പോഴും അറിയില്ല. ഓക്സിജന്‍ ലഭ്യമാകുന്ന ആംബുലന്‍സ് വേണമെന്നാണ് ബ്രിട്ടോ പറഞ്ഞത്. എന്നാല്‍ അങ്ങനെയൊരു ആംബുലന്‍സല്ല അദ്ദേഹത്തിനു കിട്ടിയത്.
ബ്രിട്ടോയുടെ മരണത്തില്‍ ഏറെ പഴികേട്ടു. അവസാന നിമിഷങ്ങളില്‍ അദ്ദേഹം ഏറെ സങ്കടപ്പെട്ടിരുന്നുവെന്നാണ് ചിലര്‍ പറഞ്ഞത്. അസുഖബാധിതനായ അവസ്ഥയില്‍ അദ്ദേഹത്തെ വിട്ട് എവിടെ പോകാനാണ്? ബ്രിട്ടോ കൂടെയില്ല എന്ന യാഥാര്‍ത്ഥ്യത്തോട് ഇപ്പോഴും പൊരുത്തപ്പെട്ടിട്ടില്ല. ബ്രിട്ടോയില്ലാത്ത അവസ്ഥയില്‍ എന്ത് ചെയ്യണമെന്നും അറിയില്ല’- സീന പറഞ്ഞു.
അതേസമയം, സൈമണ്‍ ബ്രിട്ടോയ്ക്കു നേരത്തേ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നുവെന്നു ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ബ്രിട്ടോ മരിച്ചിരുന്നു. നേരത്തേ എത്തിച്ചിരുന്നുവെങ്കില്‍ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. 2018 ഡിസംബര്‍ 31 നാണ് സൈമണ്‍ ബ്രിട്ടോ മരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *