പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയോടെ കേരളത്തില്‍ എത്തും. കൊച്ചി റിഫൈനറിയിലാണ് ആദ്യ പരിപാടി. വൈകിട്ട് തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തില്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തും. പിന്നീട് ഹെലികോപ്ടറില്‍ രാജഗിരി കോളജ് മൈതാനത്തേക്ക്. അവിടെ നിന്ന് റോഡു മാര്‍ഗം കൊച്ചി റിഫൈനറിയില്‍ എത്തും.

ബിപിസിഎല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബിപിസിഎല്ലില്‍ രണ്ടു ചടങ്ങുകളാണു പ്രധാനമന്ത്രിക്കുള്ളത്. റിഫൈനറിയുടെ വിപുലീകരിച്ച പ്ലാന്റ് ഉദ്ഘാടനം ചെയ്യും. പ്രധാന വേദിയില്‍ പരമ്പരാഗത രീതിയില്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കും. എല്‍പിജി ബോട്ട്ലിങ് പ്ലാന്റിന്റെ സ്റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം, ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം എന്നീ ചടങ്ങുകള്‍ നടക്കും.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണു ചടങ്ങില്‍ പ്രവേശനം. ഇവര്‍ക്കു പ്രത്യേക പാസ് മൂലമാണു പ്രവേശനം അനുവദിക്കുക. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റിഫൈനറിയിലെ ചടങ്ങിനു ശേഷം 3.30 ന് പ്രധാനമന്ത്രി തൃശൂരേക്കു പോകും. നാലു മണിയോടെ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങും.
4.15ന് തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയിലെ യുവമോര്‍ച്ച സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നുണ്ട്. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയും പൊതുസമ്മേളനവുമാണ് തൃശൂരിലെ പരിപാടി. അഞ്ചു മണിയോടെ വീണ്ടും കൊച്ചിയിലേയ്ക്കു മടങ്ങും. അവിടെ നിന്ന് ഡല്‍ഹിയിലേക്കു തിരിക്കും. കൊച്ചിയിലും തൃശൂരിലും ഐജിമാരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *