വോട്ടവകാശം വിനിയോഗിക്കാന്‍ എല്ലാവരും തയാറാകണമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ എല്ലാവരും തയാറാകണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം നിറവേറ്റാനുള്ള അവസരമാണ് ഈ വര്‍ഷം ലഭ്യമാകുന്നത്. 17-ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നമ്മളെല്ലാവരും വോട്ട് ചെയ്യാന്‍ തയാറാകണം. 21ാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ക്ക് വോട്ട് ചെയ്യാന്‍ കിട്ടുന്ന ആദ്യ അവസരമായിരിക്കും ഇതെന്ന പ്രത്യേകതയും ലോക്‌സഭാ തിരഞ്ഞെടുപ്പിനുണ്ടെന്നു റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു രാജ്യത്തെ അഭിസംബോധന ചെയ്തു രാഷ്ട്രപതി പറഞ്ഞു.
വിദ്യാഭ്യാസം, കല, കായികം എന്നിവയ്ക്കു പുറമേ നമ്മുടെ പെണ്‍മക്കള്‍ സേനയുടെ മൂന്ന് വിഭാഗങ്ങളിലും സ്വന്തം വ്യക്തിത്വം തെളിയിക്കുകയാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍മക്കളെക്കാള്‍ പെണ്‍മക്കളാണു മെഡലുകള്‍ സ്വന്തമാക്കുന്നതെന്നും രാഷ്ട്രപതി വ്യക്തമാക്കി.
ഈ വരുന്ന സ്വാതന്ത്ര ദിനം നമ്മളെ സംബന്ധിച്ച് പ്രത്യേകതകളുള്ളതാണ്. ഒക്ടോബര്‍ രണ്ടിന് മഹാത്മാ ഗാന്ധിയുടെ 150ാമത് ജന്മവാര്‍ഷികമാണ് ആഘോഷിക്കാനിരിക്കുന്നത്. അദ്ദേഹത്തിന്റെ തത്വങ്ങള്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും നടപ്പാക്കാനും ലോകത്തിനു തന്നെ ലഭിക്കുന്ന അവസരമാണിതെന്നും രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞു.
നമ്മളിലാണ് ഈ രാഷ്ട്രമുള്ളത്. അത് ഓരോ വ്യക്തിയിലും ഓരോ പൗരനിലുമുണ്ട്. ബഹുസ്വരതയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. നാനാത്വം, ജനാധിപത്യം, വികസനം എന്നീ മൂന്ന് കാര്യങ്ങളിലാണ് ഇന്ത്യന്‍ മാതൃക നിലനില്‍ക്കുന്നത്. ഇതില്‍ ഒന്നിനു മുകളില്‍ ഒന്ന് വരാന്‍ സാധിക്കില്ല. പക്ഷേ എല്ലാം നമുക്ക് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *