ടി.പി. സെന്‍കുമാറിനെ ആറ്റിങ്ങലിലും കെ.സുരേന്ദ്രനെ തിരുവനന്തപുരത്തും മത്സരിപ്പിച്ചേക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലം പിടിക്കാനുറച്ച് ബി.ജെ.പി സംസ്ഥാന ഘടകം. തിരുവനന്തപുരം പിടിച്ചെടുക്കണമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെതുടര്‍ന്ന് മികച്ച സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനുള്ള ആലോചനയിലാണ് സംസ്ഥാന നേതൃത്വം. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയായിരിക്കും തിരുവനന്തപുരത്ത് എന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവയ്പ്പിച്ചു തിരുവനന്തപുരത്തു സ്ഥാനാര്‍ഥിയാക്കണമെന്നും സമ്മര്‍ദ്ദമുണ്ട്. കുമ്മനമില്ലെങ്കില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള മത്സരിച്ചേക്കാം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു. ശബരിമല സമരത്തിലൂടെ സുരേന്ദ്രന് ലഭിച്ച ഇമേജ് വോട്ടായി മാറുമെന്നാണ് സുരേന്ദ്രനെ പിന്താങ്ങുന്നവരുടെ വാദം.
പാര്‍ട്ടി നേതാക്കളല്ലെങ്കില്‍ പിന്നെ രാജ്യസഭാംഗമായ നടന്‍ സുരേഷ് ഗോപിക്കാണു സാദ്ധ്യത. നരേന്ദ്രമോദിയും അമിത് ഷായും ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് സുരേഷ് ഗോപി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സജീവമായ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ആറ്റിങ്ങലില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചന ശക്തമാണ്. കൊല്ലത്തും പേര് പറഞ്ഞു കേള്‍ക്കുന്നു. ബി.ഡി.ജെ.എസിന് ഈ 2 സീറ്റുകളും താത്പര്യമുള്ളതിനാല്‍ സീറ്റ് വിഭജനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *