സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത തിരുവനന്തപുരം ഡി.സി.പിയെ മാറ്റി

തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിശദീകരണം തേടി. വ്യാഴാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു ചൈത്ര തെരേസയുടെ നേതൃത്വത്തില്‍ പൊലീസ് സി.പി.എം ഓഫീസില്‍ റെയ്ഡ് നടത്തിയത്. വിവാദമായതോടെ സംഭവം അന്വേഷിക്കാന്‍ കമ്മീഷണറെ ചുമതലപ്പെടുത്തിക്കൊണ്ട് പൊലീസ് മേധാവി ലോക്നാഥ് ബഹ്‌റ ഉത്തരവിട്ടു.
ആര്‍. ആദിത്യ ശബരിമല ഡ്യൂട്ടിയിലായതിനാലാണ് ചൈത്രയ്ക്ക് ചുമതല നല്‍കിയിരുന്നത്. ഇന്നലെ തന്നെ ഡി.സി.പിയുടെ അധിക പദവി ചൈത്ര ഒഴിഞ്ഞു.നിലവില്‍ ചൈത്ര കന്റോണ്‍മെന്റ് എ.സി.പിയാണ്.ഭരണ സിരാകേന്ദ്രത്തിലെ പാര്‍ട്ടി ജില്ലാ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയത് രാഷ്ട്രീയക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തിരഞ്ഞാണ് പൊലീസ് മേട്ടുക്കടയിലെ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയത്. പ്രതികളുടെ വീടുകളില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. പ്രതികളിലൊരാളെ ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയിരുന്നു.പൊലീസ് എത്തുമ്പോള്‍ ഓഫീസ് സെക്രട്ടറി അടക്കം കുറച്ച്പേര്‍ മാത്രമേ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു.തുടര്‍ന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി ചൈത്രയോടു വിശദീകരണം ചോദിച്ചിരുന്നു.തനിക്കു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്നാണ് ഡി.ജി.പിയോടും മുഖ്യമന്ത്രിയോടും ചൈത്ര മറുപടി നല്‍കിയതെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *