പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് രത്‌നം; മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍

ന്യൂഡല്‍ഹി: മുന്‍രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭാരതരത്ന പുരസ്‌കാരം. ഗായകനും സംഗീതജ്ഞനുമായ ഭൂപന്‍ ഹസാരിക, സാമൂഹികപ്രവര്‍ത്തകനായ നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായും പുരസ്‌കാരം. നടന്‍ മോഹന്‍ലാലിനും ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. ശിവഗിരിമഠത്തിലെ സ്വാമി വിശുദ്ധാനന്ദ, ഗായകന്‍ കെ.ജി ജയന്‍, പുരാവസ്തു ഗവേഷകന്‍ കെ.കെ.മുഹമ്മദ് , കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ മാമന്‍ ചാണ്ടി എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷം നാലുപേര്‍ക്ക് പത്മവിഭൂഷണും 14 പേര്‍ക്ക് പത്മഭൂഷണും 94 പേര്‍ക്ക് പത്മശ്രീയും പ്രഖ്യാപിച്ചു.പമുഖമാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കി. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ പ്രസിഡന്റ് ഇസ്മായില്‍ ഉമര്‍ ഗുല്ലയ്ക്ക് പത്മവിഭൂഷണും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം ഗൗതംഗംഭീര്‍ , ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി , നടന്‍ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ , ഡ്രമ്മര്‍ ശിവമണി, മനോജ് വാജ്‌പേയി (ബോളിവുഡ് നടന്‍), ജ്യോതി ബട്ട് (ചിത്രകാരന്‍), ഹരിക ദ്രോണവല്ലി (ചെസ്), , ബജ്‌റംഗ് പുനിയ ( റെസ്ലര്‍), പ്രശാന്തി സിംഗ് ( ബാസ്‌ക്കറ്റ് ബാള്‍), എന്നിവര്‍ക്ക് പത്മശ്രീയും ലഭിച്ചിട്ടുണ്ട്.
ബിഹാറില്‍ നിന്നുള്ള ബി.ജെ.പി എം.പി ഹുക്കുംദേവ് നാരായണ്‍ യാദവ് , മുന്‍ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറും ജാര്‍ഖണ്ഡില്‍ നിന്നുള്ള ബി.ജെ.പി നേതാവുമായ കരിയമുണ്ട എന്നിവര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഗീതമേത്തയ്ക്കും ആംആദ്മി പാര്‍ട്ടി മുന്‍നേതാവും 1984ലെ സിക്ക് വിരുദ്ധ കലാപകേസിലെ ഇരകള്‍ക്ക് വേണ്ടി നിയമപോരാട്ടം നയിക്കുന്ന അഭിഭാഷകനുമായ ഹര്‍വിന്ദര്‍ സിംഗ് ഫൂല്‍ക്ക, മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു. ടീജന്‍ ഭായ് ( കല), അനില്‍കുമാര്‍ മണിഭായ് നായിക് (ലാര്‍സന്‍ ആന്‍ഡ് ടുബ്രോ ചെയര്‍മാന്‍ ), ബല്‍വന്ദ് മോരോശ്വര്‍ പുരന്തരെ (കല, അഭിനയം ,നാടകം -മഹാരാഷ്ട്ര ) എന്നിവരാണ് പത്മവിഭൂഷണ്‍ ലഭിച്ച മറ്റുള്ളവര്‍.
ജോണ്‍ ചേംബേഴ്‌സ് (വ്യവസായി,അമേരിക്ക)സുഖ്‌ദേവ് സിംഗ് ധിന്‍സ (പഞ്ചാബ്), പ്രവീണ്‍ ഗോര്‍ദ്ദന്‍ ( ദക്ഷിണാഫ്രിക്ക), മഹാശയ് ധരംപാല്‍ ഗുലാത്തി (വ്യവസായം), ദര്‍ശന്‍ലാല്‍ ജയിന്‍ (സാമൂഹ്യസേവനം ), അശോക് ലക്ഷ്മണ്‍ റാവു കുക്കാഡെ (ആരോഗ്യം), ബുധാദിത്യ മുഖര്‍ജി ( സംഗീതം,സിത്താര്‍), ബചേന്ദ്രിപാല്‍ (പര്‍വതാരോഹണം- സ്‌പോര്‍ട്‌സ്), വി.കെ ശുങ്ക്‌ലു ( സിവില്‍ സര്‍വീസ്) എന്നിവര്‍ക്കുമാണ് പത്മഭൂഷണ്‍ .

Leave a Reply

Your email address will not be published. Required fields are marked *