ഇറാനെതിരായ ഉപരോധം ഭാ​ഗികമായി നീക്കം ചെയ്യാൻ അമേരിക്കയോട് അന്താരാഷ്ട്ര നീതിന്യായ കോടതി

ഇറാനെതിരായ ഉപരോധങ്ങൾ ഭാഗികമായി നീക്കാൻ അമേരിക്കയോട് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദ്ദേശം. വ്യോമയാന മേഖലയിലും അവശ്യവസ്തുക്കളുടെ കയറ്റുമതി ഇറക്കുമതി മേഖലകളിലും ഏർപ്പെടുത്തിയ നിരോധനങ്ങൾ നീക്കാനാണ് ഇടക്കാല ഉത്തരവ്. ആണവായുധ നിരായുധീകരണത്തെ ചൊല്ലി ബന്ധം വഷളായതിന് പിന്നാലെയാണ് ഇറാനെതിരെ ഉപരോധ നടപടികളുമായി അമേരിക്ക രംഗത്തെത്തിയത്. കോടതിയുടെ ഉത്തരവിനെ ഇറാൻ സ്വാ​ഗതം ചെയ്തു.

ഇറക്കുമതി കയറ്റുമതി മേഖലകളിലും വ്യോമയാന മേഖലയിലും അമേരിക്ക ഉപരോധങ്ങൾ കൊണ്ടുവന്നിരുന്നു. അടുത്ത മാസം നാലിന് കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരാനിരിക്കെയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്ന് ഇറാന് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്. ഉപരോധങ്ങൾ നീക്കാൻ ആവശ്യപ്പെടണമെന്ന ഇറാന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. വ്യോമയാന മേഖലയിൽ ഉൾപ്പെടെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കാനാണ് ഇടക്കാല ഉത്തരവിലൂടെ അമേരിക്കയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇറാനാണ് ശരിയെന്നും അമേരിക്ക നിയമവിരുദ്ധമായാണ് കാര്യങ്ങൾ ചെയ്തതെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ഇറാൻ അവകാശപ്പെട്ടു. അതേസമയം യുഎസ് വ്യാപാര മേഖലയുടെ മേൽ നിയന്ത്രണങ്ങളില്ലാത്ത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ട്രംപ് ഭരണകൂടം എത്രത്തോളം അംഗീകരിക്കുമെന്ന് വ്യക്തമല്ല. ഉത്തരവിറക്കാനല്ലാതെ നടപ്പാക്കാൻ അധികാരമില്ല എന്നതാണ് യാഥാർത്ഥ്യം. 2018 മെയ്മാസത്തിലാണ് അമേരിക്ക ഇറാനെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *