സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ അവ്യക്തത; 50 കഴിഞ്ഞ ‘യുവതികളും’ ദര്‍ശനം നടത്തിയത്രെ

തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയതായി അവകാശപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ അവ്യക്തതയുള്ളതായി ഒരു സ്വകാര്യ വാര്‍ത്താചാനല്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പട്ടികയില്‍ നല്‍കിയിരിക്കുന്ന പത്തു ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ടതില്‍ ഏറെയും പുരുഷന്‍മാരാണ് സംസാരിച്ചത്.

പത്തുപേരില്‍ മൂന്നു പേരുടെ ബന്ധുക്കളായ സ്ത്രീകള്‍ ശബരിമലയില്‍ പോയിട്ടുണ്ട്. അവര്‍ക്ക് 50 വയസില്‍ കൂടുതല്‍ പ്രായമുണ്ട്. സംസാരിച്ച പുരുഷന്‍മാരില്‍ ചിലര്‍ ശബരിമലയില്‍ പോയിട്ടുണ്ട്. ഭാര്യമാരെ ആരും ഒപ്പം കൂട്ടിയിട്ടില്ല. വിവാഹം കഴിക്കാത്ത പുരുഷന്‍മാരുടെ ഫോണ്‍ നമ്പര്‍ പോലും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.

തമിഴ്‌നാട്, ആന്ധ്ര, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്ന് ശബരിമലയില്‍ എത്തിയതായി കാണിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലുള്ളവരെയാണ് സ്വകാര്യ വാര്‍ത്താ ചാനല്‍ ഫോണില്‍ ബന്ധപ്പെട്ടത്. ഫോണ്‍ നമ്പരുകള്‍ സുപ്രീകോടതിയില്‍ നല്‍കിയതില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു. കോടതിയില്‍ സര്‍ക്കാര്‍ പട്ടിക സമര്‍പ്പിച്ചശേഷം വിവിധ സ്ഥലങ്ങളില്‍നിന്ന് കോളുകള്‍ വരുന്നതായും ഭയം തോന്നുന്നതായും ചിലര്‍ പറഞ്ഞു.

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതാണ്ആശയക്കുഴപ്പത്തിനിടയാക്കിയതെന്നു ചിലര്‍ പറഞ്ഞതായി ചാനല്‍ വാര്‍ത്ത പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *