ജെഎന്‍യു രാജ്യദ്രോഹക്കേസ്: ഡി.രാജയുടെ മകള്‍, കനയ്യ കുമാര്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎന്‍യു) 2016 ഫെബ്രുവരിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന കേസില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. വിദ്യാര്‍ഥി നേതാക്കളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസ്. 1200 പേജുള്ള കുറ്റപത്രം ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയിലാണ് സമര്‍പ്പിച്ചത്. 2016 ഫെബ്രുവരി 9ന് ജെഎന്‍യുവിലെ സബര്‍മതി ധാബയില്‍ കൂടിയ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇവര്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നാണ് ആരോപണം.
കനയ്യ, ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ കഴിഞ്ഞവര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസിലെ സൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ജെഎന്‍യു ക്യാംപസില്‍ നടന്ന പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നാണ് ആരോപണം. പരിപാടി സംഘടിപ്പിച്ചവരെന്ന നിലയിലാണ് ഇവര്‍ മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.
സിപിഐ നേതാവ് ഡി. രാജയുടെ മകള്‍ അപരാജിത രാജ, അഖ്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റായീയ റാസോള്‍, ബഷീര്‍ ഭട്ട്, ഭഷാറത്ത്, ഷെഹല റഷീദ് എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. കേസ് ചൊവ്വാഴ്ച പരിഗണിക്കും.
എബിവിപിയുടെയും ബിജെപി എംപി മഹേഷ് ഗിരിയുടെയും പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്‍ ആണ് കേസ് അന്വേഷിച്ചിരുന്നത്. ഡല്‍ഹി പട്യാല കോടതിയിലാണ് കുറ്റപത്രം ഫയല്‍ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *