കംപ്യൂട്ടര്‍ പിടിച്ചെടുക്കുന്നതിനെതിരെ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്‌

ന്യൂഡല്‍ഹി: ഏതു കംപ്യൂട്ടറും ആവശ്യമെങ്കില്‍ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ് അയച്ചു. സംഭവത്തില്‍ വിശദീകരണം തേടിയ കോടതി, ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 20ന്റെ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ മനോഹര്‍ ലാല്‍ ശര്‍മയാണ് കോടതി സമീപിച്ചത്.
രഹസ്യാന്വേഷണ ബ്യൂറോ, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, എന്‍ഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് (ജമ്മു കശ്മീര്‍, വടക്കു-കിഴക്കന്‍ മേഖല, അസം), ഡല്‍ഹി പൊലീസ് കമ്മിഷണര്‍ തുടങ്ങിയവര്‍ക്കാണ് ഈ അധികാരം നല്‍കിയത്. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് ഉത്തരവു പുറത്തിറക്കിയത്.
ഇതാദ്യമായാണ് ഇത്രയും വിപുലമായ അധികാരം വിവിധ ഏജന്‍സികള്‍ക്കു നല്‍കുന്നത്. മുന്‍പ് മറ്റുള്ളവര്‍ക്ക് അയയ്ക്കുന്ന ഡേറ്റ പരിശോധിക്കാന്‍ മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. ഇതോടെ, ഫോണ്‍ കോളുകളും ഇമെയിലുകളും മാത്രമല്ല, കംപ്യൂട്ടറില്‍ കാണുന്ന എല്ലാ ഡേറ്റയും ഈ ഏജന്‍സികള്‍ക്കു പരിശോധിക്കാം. വേണമെങ്കില്‍ ഈ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യാം.
രഹസ്യാന്വേഷണ വിഭാഗത്തിനു ഉപകരണങ്ങള്‍ പിടിച്ചെടുക്കാനുള്ള അധികാരം ഇതുവരെ നല്‍കിയിട്ടില്ലായിരുന്നു. അവര്‍ സംസ്ഥാന പൊലീസ് സേനയുമായി ചേര്‍ന്നാണു പ്രവര്‍ത്തിച്ചിരുന്നത്. പുതിയ ഉത്തരവോടെ ഇതില്‍ മാറ്റം വന്നുവെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. അന്വേഷണത്തോടു സഹകരിച്ചില്ലെങ്കില്‍ ഏഴുവര്‍ഷം വരെ തടവോ പിഴയോ ലഭിക്കും.
ഐടി ആക്ട് 2000ന്റെ കീഴില്‍ 69 (1) വകുപ്പ് പ്രകാരമാണ് ആഭ്യന്തരമന്ത്രാലയം ഏജന്‍സികള്‍ക്കു വിപുലമായ അധികാരം നല്‍കിയത്. കംപ്യൂട്ടറുകളില്‍നിന്നുള്ള വിവരങ്ങള്‍ പിടിച്ചെടുക്കുന്നതിനാണ് ഇപ്പോഴത്തെ ഉത്തരവ്. നേരത്തെ ആഭ്യന്തര സെക്രട്ടറിയുടെ അനുവാദം വാങ്ങി സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു വ്യക്തികളുടെ ടെലിഫോണ്‍ കോള്‍ നിരീക്ഷിക്കാന്‍ അധികാരം കൊടുത്തിരുന്നു. വ്യക്തികളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാനായി 2011ലും ഉത്തരവില്‍ ഭേദഗതി വരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *