കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട ബാഗുകള്‍ കണ്ടെത്തി

തൃശൂര്‍: ഓസ്‌ട്രേലിയയിലേയ്ക്ക് കൊച്ചിവഴിയുള്ള അനധികൃത കുടിയേറ്റം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുന്നതിനിടെ കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട ബാഗുകള്‍ കണ്ടെത്തി. സംഭവത്തില്‍ മുനമ്പം മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഉപേക്ഷിച്ച നിലയില്‍ ഇവിടെ നിന്നും 23 ബാഗുകളാണ് കണ്ടെത്തിയത്. ബാഗുകള്‍ പോലീസ് പരിശോധിക്കുകയാണ്. ബാഗുകള്‍ക്കുള്ളില്‍ മരുന്നുകളും വസ്ത്രങ്ങളുമാണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

അതേസമയം, മുനമ്പം ഹാര്‍ബര്‍ വഴി മത്സ്യബന്ധന ബോട്ടില്‍ ഓസ്‌ട്രേലിയയിലേയ്ക്ക് പോയത് 13 കുടുംബങ്ങളാണെന്ന് കണ്ടെത്തി. 41 പേരടങ്ങുന്ന സംഘത്തില്‍ നാലു ഗര്‍ഭിണികളും,നവജാത ശിശുവും ഉള്‍പ്പെടുന്നതായാണ് വിവരം. യാത്രയ്ക്ക് മുന്‍പ് മുനമ്പത്തെ പെട്രോള്‍ പമ്പില്‍ നിന്നും 10 ലക്ഷം രൂപയ്ക്ക് 12,000 ലിറ്റര്‍ ഇന്ധനം വാങ്ങിയ സംഘം കുടിവെള്ളം നിറയ്ക്കാനായി അഞ്ചു ടാങ്കറുകളും വാങ്ങിയിരുന്നു.മാത്രമല്ല ഒരു മാസത്തേയ്ക്കുള്ള മരുന്നുകള്‍ വാങ്ങാനും സംഘം ശ്രമിച്ചിരുന്നു.

ഡല്‍ഹി,ചെന്നൈ വഴിയെത്തിയ സംഘം ചെറായിയിലെ ലോഡ്ജിലാണ് താമസിച്ചിരുന്നത്.കൂട്ടത്തില്‍ ഹിന്ദിയും,തമിഴും,ഇംഗ്ലീഷും സംസാരിക്കുന്നവര്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.ഇവര്‍ മുനമ്പത്തേയ്ക്ക് പോയത് മിനി ബസിലും,ടൂറിസ്റ്റ് ബസിലുമാണ്.

ശനിയാഴ്ച്ച രാവിലെയാണ് മുനമ്പത്തെ റിസോര്‍ട്ടിനു മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നും ഉണക്കിയ പഴ വര്‍ഗ്ഗങ്ങള്‍,വസ്ത്രങ്ങള്‍,കുടിവെള്ളം,ഫോട്ടോകള്‍,ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ എന്നിവ കണ്ടെത്തിയത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ കടത്ത് സ്ഥിരീകരിച്ചത്. ബാഗില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ ഉള്‍പ്പെടുന്നവര്‍ പത്ത് പേരടങ്ങുന്ന സംഘമായി സമീപ പ്രദേശങ്ങളിലെ റിസോര്‍ട്ടുകളില്‍ താമസിച്ചിരുന്നതായി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *