മകരജ്യോതി ദര്‍ശനവും മകരസംക്രമ പൂജയും ഇന്ന്

ശബരിമല: മകരജ്യോതി ദര്‍ശനവും മകരസംക്രമ പൂജയും ഇന്ന് നടക്കും. തിരുവാഭരണം വൈകിട്ട് 5.30ന് ശരംകുത്തിയില്‍ നിന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വാദ്യമേളങ്ങളുടേയും തീവെട്ടിയുടേയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും. പതിനെട്ടാം പടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. 6.30നാണ് തിരുവാഭരണം ചാര്‍ത്തി ദീപാരാധന. തുടര്‍ന്നാണ് മകരജ്യോതി ദര്‍ശനം. വൈകിട്ട് 7.25നാണ് മകര സംക്രമ പൂജ.

മകരജ്യോതിയോടനുബന്ധിച്ച് പമ്പയിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് ശബരിമലയില്‍ വന്‍ ഭക്തജന തിരക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷക്കുമായി പമ്പയില്‍ മാത്രം 1600 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പമ്പയില്‍ ആഴം കൂടിയ ഇടങ്ങളില്‍ സ്‌നാനം നടത്തുന്നതിന് ഭക്തര്‍ക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാല്‍ വൈകിട്ട് 6.30ന് ദീപാരാധന കഴിയും വരെ തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കില്ല. ഉച്ചയ്ക്ക് ശേഷം തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ എത്തുംവരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ വിടില്ല.

അതേ സമയം മകരജ്യോതി ദര്‍ശിക്കാനായി 28 ഓളം ഇടങ്ങളാണ് സജജീകരിച്ചിരിക്കുന്നത്. സന്നിധാനത്ത് ക്ഷേത്ര തിരുമുറ്റം, സോപാനം കെട്ടിടത്തിന് മുന്‍വശം, ബി എസ് എന്‍ എല്‍ ഓഫീസിന് എതിര്‍വശം, കുന്നാര്‍ പോവുന്ന വഴിയുടെ ഒരു വശം, പാണ്ടിത്താവളം പോലീസ് പരിശോധനാ കേന്ദ്രത്തിലും മാഗുണ്ട അയ്യപ്പ നിലയത്തിന് മധ്യേ, വനം വകുപ്പ് ഓഫീസ് പരിസരം, പമ്പക്കും സന്നിധാനത്തിനും മധ്യേ, ശരംകുത്തി ഹെലിപാഡും ,അതിന് സമീപം വനത്തില്‍ മുന്നിടങ്ങളും, ശബരീപീഠത്തിന് സമീപം വന മേഖല, അപ്പാച്ചിമേട്ടില്‍ മൂന്നിടം, നീലിമലയില്‍ രണ്ടിടം എന്നിവിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പമ്പയില്‍ ഗണപതി കോവിലിന് സമീപത്തുള്ള ഫോറസ്റ്റ് ഡോര്‍മെറ്ററിക്ക് മുന്‍വശം മാത്രമാണ് ഇത്തവണ മകരജ്യോതി ദര്‍ശനത്തിന് ഭക്തര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. പമ്പ ത്രിവേണി പെട്രോള്‍ പമ്പ് മുതല്‍ പാര്‍ക്കിംഗ് മേഖല വരേയും, പമ്പ ഹില്‍ടോപ്പിലും കഴിഞ്ഞ വര്‍ഷം മകരജ്യോതി ദര്‍ശനത്തിനായി ഒരുക്കിയിരുന്നെങ്കിലും പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ ഇത്തവണ ഭക്തര്‍ നില്‍ക്കുന്നത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പക്കും സന്നിധാനത്തിനും പുറമെ, അട്ടത്തോട്, പുല്ലുമേട്, പാഞ്ചാലിമേട്, നെല്ലിമല, അയ്യന്‍മല, ഇലവുങ്കല്‍, പരുന്തുംപാറ, തുടങ്ങിയ സ്ഥലങ്ങളിലും മകരജ്യോതി ദര്‍ശനത്തിനായി പ്രത്യേക താവളങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *