എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെ അക്രമം. സമരാനുകൂലികൾ ഓഫീസ് അടിച്ചു തകർത്തു. സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്.

പണിമുടക്കായിരുന്നെങ്കിലും ഇന്നലെ എസ്ബിഐ ബ്രാഞ്ചുകൾ പലതും പ്രവ‍ർത്തിക്കുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ പത്തരയോടെ ഒരു സംഘമാളുകൾ ബ്രാ‍ഞ്ചിന്‍റെ താഴത്തെ നിലയിലെത്തി ബാങ്കിന്‍റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. എന്നാൽ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ വ്യക്തമാക്കി. തുടർന്ന് കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകണമെന്നായി സമരക്കാർ. എന്നാൽ സമരക്കാരെ സെക്യൂരിറ്റി ജീവനക്കാർ തട‌ഞ്ഞതോടെ സംഘർഷമായി. 

മുകളിലത്തെ നിലയിലെത്തിയ സമരക്കാർ ബ്രാഞ്ച് അടിച്ചു തകർത്തു. മാനേജരുടെ ക്യാബിൻ തകർത്ത് അകത്തു കയറിയ ഇവർ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പറഞ്ഞാൽ ബാങ്ക് അടച്ചിടാനാകില്ലേ – എന്ന് ആക്രോശിച്ച് മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു അക്രമികൾ. പതിനഞ്ചോളം വരുന്ന സമരക്കാരാണ് എത്തിയതെന്നാണ് ബാങ്ക് മാനേജർ വ്യക്തമാക്കിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാർ ആക്രമണം തുടങ്ങിയതെന്നും മാനേജർ പറയുന്നു. മാനേജർ കന്‍റോൺമെന്‍റ് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്.

ബാങ്കിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. സിസിടിവിയിൽ അക്രമികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് പരിശോധിച്ച് ആളുകളെ തിരിച്ചറിയാനാണ് പൊലീസുദ്യോഗസ്ഥർ ഇപ്പോൾ ശ്രമിക്കുന്നത്. 

അക്രമങ്ങളുണ്ടാകില്ലെന്നും കടകൾ അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും വാഗ്ദാനം ചെയ്തതെല്ലാം പാഴ്‍വാക്കാകുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പണിമുടക്ക് അക്ഷരാർഥത്തിൽ ഹർത്താലാകുന്ന കാഴ്ചയാണ് കാണുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *