കേരള സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബി.ജെ.പി ലോക്സഭയില്‍

ന്യൂഡല്‍ഹി: ശബരിമലയുടെ പേരില്‍ സി.പി.എം പ്രവര്‍ത്തകള്‍ കേരളത്തില്‍ അക്രമം നടത്തുകയാണെന്നും സംസ്ഥാന സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ലോക്സഭയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം നടത്തിയ അക്രമങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടത് എം.പിമാരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്. ബി.ജെ.പിയുടെ കേരളത്തിലെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ വി.മുരളീധരന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ ലോക്സഭയ്ക്ക് പുറത്ത് ബി.ജെ.പി എം.പിമാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന ആവശ്യവുമായി ബി.ജെ.പി ലോക്സഭയില്‍ രംഗത്തെത്തിയത്.
സ്വാതന്ത്ര്യത്തിന് ശേഷം അധികാരത്തില്‍ കയറിയ ഇടത് സര്‍ക്കാരുകള്‍ കേരളത്തില്‍ ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായ ആക്രമണങ്ങള്‍ അഴിച്ച് വിടുകയാണ്. രാജ്യസഭാംഗമായ വി.മുരളീധരന്റെ വീട് പോലും ക്രൂരമായി ആക്രമിക്കപ്പെട്ടു. സി.പി.എം ആക്രമണങ്ങളില്‍ നിരവധി ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ജീവന്‍ നഷ്ടമായി. സി.പി.എം കേരളത്തില്‍ ഗുണ്ടായിസം കാണിക്കുകയാണ്. ഇതുവരെ ബി.ജെ.പി പ്രവര്‍ക്കെതിരെ നടത്തിയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കണം. കേരളത്തിലെ സര്‍ക്കാരിനെ പിരിച്ച് വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ലോക്സഭയില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ക്രമസമാധാനനില പാടെ തകര്‍ന്നതിന്റെ വലിയ ഉദാഹരണമാണ് വി.മുരളീധരന്റെ വീടിനു നേരെയുണ്ടായ ആക്രമണമെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. ആക്രമണങ്ങളുണ്ടാകുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോക്കിനിന്ന് രസിക്കുകയാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. കേരളത്തിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോര്‍ പറഞ്ഞു. മുരളീധരന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പക്ഷപാതപരമായ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *