പി വി സത്യനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍

കോഴിക്കോട് : കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പോലീസ് കസ്റ്റഡിയിലുള്ള അഭിലാഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു

നിഷ്ഠൂരമായ കൊലപാതകമാണ് നടന്നത്. പൊതുജനങ്ങളുടെയാകെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി പൊരുതുകയും ചെയ്ത ഉത്തമനായ കമ്യൂണിസ്റ്റും മികച്ച പാര്‍ട്ടി പ്രവര്‍ത്തനുമായിരുന്നു പി വി സത്യനാഥ്. സത്യനാഥിന്റെ കൊലപാതകം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് എം വി ഗോവിന്ദന്‍ പറഞ്ഞു

സംഭവത്തില്‍ ഒരാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ട്. സമഗ്രമായ അന്വേഷണം നടത്തി പ്രതിക്ക് തക്കതായ ശിക്ഷയുറപ്പാക്കണം. സംഭവത്തിന് പിന്നില്‍ മറ്റാരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണം. കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവശ്യമായ അന്വേഷണം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *