ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് വീണ്ടും തടഞ്ഞു

ദിസ്പൂര്‍: അസമില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് വീണ്ടും തടഞ്ഞു. ഇന്ന് പുലര്‍ച്ചയോടെയാണ് രാഹുല്‍ഗാന്ധി ആത്മീയ ആചാര്യന്‍ ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥാനമായ ബട്ടദ്രവ സത്രം സന്ദര്‍ശിക്കാനെത്തിയത്.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ നാഗോണിലെത്തിയതായിരുന്നു അദ്ദേഹം. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാഗോണില്‍ ഉപരോധം നടത്തുകയാണ്. ഞങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്നും അനുമതി തടയുന്നതിനുവേണ്ടി എന്ത് തെറ്റാണ് ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു.പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ല. ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിച്ചാല്‍ മാത്രം മതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ദിവസം ജോഡോ ന്യായ് യാത്രയ്ക്കിടെ അസമില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കാവിക്കൊടിയേന്തി പ്രതിഷേധവുമായി എത്തിയവര്‍ക്കിടയിലേക്ക് രാഹുല്‍ഗാന്ധി ഇറങ്ങിച്ചെന്നു. സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് രാഹുലിനെ തിരികെ ബസില്‍ കയറ്റുകയായിരുന്നു.യാത്രയുടെ നാലാം ദിവസമായ ഇന്നലെ വൈകിട്ട് ബിസ്വന്ത് ജില്ലയില്‍ നിന്ന് നാഗോണിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യാത്രയെ അനുഗമിച്ചവര്‍ക്കിടയിലേക്കാണ് ജയ് ശ്രീറാം, ജയ് മോദി മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാര്‍ കടന്നു കയറിയത്.യാത്രയ്ക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നും മാദ്ധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ മര്‍ദ്ദിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 25ലധികം ബി.ജെ.പി പ്രവര്‍ത്തകര്‍ വടിയുമായി ബസിന് മുന്നില്‍ നിന്നെന്നും താന്‍ ഇറങ്ങിച്ചെന്നപ്പോള്‍ ഓടിപ്പോയെന്നും രാഹുല്‍ പറഞ്ഞിരുന്നു. അവര്‍ക്ക് എത്ര പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും കീറിമുറിക്കാം, ഞങ്ങള്‍ കാര്യമാക്കുന്നില്ല. ആരെയും ഭയപ്പെടുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അസം മുഖ്യമന്ത്രിയെയോ ഭയപ്പെടുന്നില്ല രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *