മിഗ്ജാമ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി

ചെന്നൈ : മിഗ്ജാമ് ചുഴലിക്കാറ്റിനെതുടര്‍ന്ന് ചെന്നൈയിലുണ്ടായ അതിശക്തമായ മഴക്ക് ഇന്ന് അല്‍പം ശമനമായിട്ടുണ്ടെങ്കിലും നഗരത്തില്‍ വെള്ളക്കെട്ട് തുടരുകയാണ്.  മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മഴ മാറിനിന്നതോടെ നഗരത്തില്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചു. രാവിലെ 11 മണിയോടെ ചെന്നൈയിലെ ഭൂരിഭാഗം സ്ഥലത്തും വൈദ്യുതി പുന:സ്ഥാപിക്കാനാകുമെന്നാണ് അറിയുന്നത്.

ഒരു സ്ത്രീയും ഏഴു പുരുഷന്മാരുമാണ് മഴക്കെടുതിയില്‍ മരിച്ചതെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട വിവരം. വെള്ളക്കെട്ടിനെതുടര്‍ന്ന് നഗരത്തിലെ 17 സബ് വേകള്‍ അടഞ്ഞുകിടക്കുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ചെന്നൈ സെന്‍ട്രലിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി.

അഞ്ച് പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ പേമാരിയില്‍ ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങി. കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം താറുമാറായി. ആയിരത്തിലേറെ പേരെ ക്യാംപുകളിലേക്കു മാറ്റി. ഇന്നലെ ഉച്ചവരെ 34 സെമീ മഴയാണ് ചെന്നൈ നഗരത്തില്‍ പെയ്തത്. 2015 ലെ പ്രളയത്തിന് ഇടയാക്കിയത് 33 സെമീ മഴയായിരുന്നു.

മിഗ്ജാമ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ആന്ധ്രാതീരത്ത് എത്തും. മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കര തൊടാനിരിക്കെ ആന്ധ്ര തീരം കനത്ത ജാഗ്രതയിലാണ്.ആന്ധ്രയിലെഎട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലൂടെ പോകുന്ന ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *