ആര്യാടന്‍ ഷൗക്കത്തിനെ പിണക്കേണ്ടെന്നു കോണ്‍ഗ്രസ്സില്‍ ധാരണ

തിരുവനന്തപുരം : പാര്‍ട്ടി വിലക്ക് ലംഘിച്ച് റാലി നടത്തിയ ആര്യാടന്‍ ഷൗക്കത്തിനെ പിണക്കേണ്ടെന്നു കോണ്‍ഗ്രസ്സില്‍ ധാരണ. പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ വിളിച്ചു വരുത്തി ഖേദ പ്രകടനം എഴുതിവാങ്ങി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാനാണു നീക്കം.

സി പി എം ഷൗക്കത്തിനായി വലവിരിച്ചുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണു കടുത്ത അച്ചടക്ക നടപടികളിലേക്കു കടക്കാത്തത്. അച്ചടക്ക സമിതിക്കു മുമ്പാകെ ഹാജരായി ഷൗക്കത്ത് ഖേദം പ്രകടിപ്പിച്ചു എന്ന നിലയില്‍ വാര്‍ത്തകള്‍ നല്‍കി നടപടി അവസാനിപ്പിക്കും. ഇക്കാര്യം നേതാക്കള്‍ ഷൗക്കത്തിനെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഷൗക്കത്ത് സമിതിക്കു മുമ്പാകെ എഴുതി നല്‍കിയാല്‍ മതിയാവും. റാലിയില്‍ നിന്ന് പിന്മാറാന്‍ കഴിയാത്ത സാഹചര്യം വിശദീകരിക്കുകയും വേണം.

വൈകാരികമായ ഫലസ്തീന്‍ വിഷയത്തില്‍ നടത്തിയ റാലിയുടെ പേരില്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിയുണ്ടായാല്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവും. ഷൗക്കത്ത് അതിന്റെ പേരില്‍ നേടുന്ന ജനപിന്തുണയുമായി സി പി എം ചേരിയിലേക്കു നീങ്ങുമോ എന്നും നേതൃത്വം ആശങ്കപ്പെടുന്നു.

അച്ചടക്കനടപടിയുടെ കാര്യത്തില്‍ തുടക്കത്തില്‍ കാണിച്ച ആവേശം നേതൃത്വത്തിന് ഇപ്പോള്‍ ഇല്ല എന്നതിനാലാണ് പാര്‍ട്ടി നിര്‍ദ്ദേശത്തിനു ഷൗക്കത്ത് വഴങ്ങുന്നത്. എല്ലാ വശങ്ങളും അച്ചടക്ക സമിതി പരിശോധിക്കുമെന്നും സമിതിയുടെ തീരുമാനമാണ് അന്തിമമെന്നുമാണു പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ വിശദീകരിക്കുന്നത്. ഷൗക്കത്തില്‍ നിന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് കിട്ടിയാല്‍ അത് വച്ച് നടപടികള്‍ അവസാനിപ്പിച്ചേക്കും.

രാഹുല്‍ഗാന്ധിയുടെ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രധാന നേതാവാണ് ഷൗക്കത്ത്. അങ്ങനെയൊരാള്‍ക്കെതിരെ തിരഞ്ഞെടുപ്പു സമയത്ത് നടപടിയുണ്ടായാല്‍ അതു സി പി എം ഉപയോഗപ്പെടുത്തുമെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *