ബെംഗളുരുവില്‍ സിക വൈറസ് സാന്നിധ്യം കണ്ടെത്തി.

ബെംഗളുരു: ബെംഗളുരുവില്‍ സിക വൈറസ് സാന്നിധ്യം കണ്ടെത്തി. ചിക്കബല്ലപൂരിലാണ് സിക വൈറസ് സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഈ ഭാഗത്തുള്ള പനി ബാധിതരെ വിശദമായി പരിശോധിക്കുകയാണ്. ചിക്കബല്ലപൂരിലെ കൊതുകുകളെ ആഗസ്തില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് വൈറസ് ബാധ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സാമ്പിള്‍ ഉള്‍പ്പെട്ട തല്‍ക്കബെട്ടയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തുടനീളം 100 സാമ്പിളുകള്‍ ശേഖരിച്ചു. ആറെണ്ണം ചിക്കബല്ലാപ്പൂരില്‍ നിന്നുള്ളതാണ്. അതില്‍ അഞ്ചെണ്ണം നെഗറ്റീവായി. ഒരെണ്ണം പോസിറ്റീവാണെന്ന് ജില്ല ആരോഗ്യ ഓഫീസര്‍ ഡോ. എസ്. മഹേഷ് പറഞ്ഞു.

കടുത്ത പനി ബാധിച്ച മൂന്ന് പേരുടെ സാമ്പിളുകള്‍ പാത്തോളജിക്കല്‍ വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ട്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ അണുബാധകള്‍ പരത്തുന്ന ഈഡിസ് കൊതുക് കടിക്കുന്നത് വഴിയാണ് സിക്ക വൈറസും പകരുന്നത്. 1947ല്‍ ഉഗാണ്ടയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *