പി വി എന്ന ചുരുക്കപ്പേര് പിണറായി വിജയന്‍ തന്നെയാണ്: മാത്യു കുഴല്‍നാടന്‍ എം എല്‍ എ

കൊച്ചി : സംസ്ഥാന വിജിലന്‍സ് തനിക്കെതിരെ നീങ്ങുന്നത് രാഷ്ട്രീയ വേട്ടയാടലെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ ആരോപിച്ചു.

തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. അന്വേഷണം നിയമവിരുദ്ധമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഉടുമ്പന്‍ചോല താലൂക്കില്‍ കെട്ടിടം വാങ്ങി വിലകുറച്ച് രജിസ്റ്റര്‍ ചെയ്തതില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ വിജിലന്‍സിന് അനുമതി നല്‍കിയിരുന്നു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ വാദങ്ങള്‍ക്കെതിരെയും മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. പി വി എന്ന ചുരുക്കപ്പേര് പിണറായി വിജയന്‍ തന്നെയാണ്. ബേങ്ക് മുഖാന്തരം നടക്കുന്ന എല്ലാ ഇടപാടും നിയമപരമല്ലെന്നും ഇ ഡി അന്വേഷിക്കുന്ന പല കേസുകളിലെയും ഇടപാട് ബേങ്ക് മുഖാന്തരമാണെന്നും മുഖ്യമന്ത്രിയുടെ വാദത്തിന് മറുപടിയായി കുഴല്‍നാടന്‍ പറഞ്ഞു.

വീണാ വിജയന്‍ ഒരു സേവനവും നല്‍കാതെ 1.72 കോടി രൂപ കരിമണല്‍ കമ്പനിയില്‍ നിന്നും വാങ്ങിയെന്നത് വസ്തുതയാണ്. സി എം ആര്‍ എല്‍ വീണാ വിജയന് ഭിക്ഷയായി നല്‍കിയ പണമാണ് ഇതെന്ന് പറഞ്ഞാല്‍ പിന്നെ ചോദ്യമില്ല. താന്‍ ഇതുവരെ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ സി പി എമ്മോ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു. എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *