രാജ്ഭവനു മുന്നില്‍ എല്‍ ഡി എഫ് സത്യാഗ്രഹം 21ന്

തിരുവനന്തപുരം : അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി കേരളത്തെ ഞെരുക്കുന്ന നടപടികളില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് രാജ്ഭവനു മുന്നില്‍ എല്‍ ഡി എഫ് സത്യാഗ്രഹം. ഇടതുമുന്നണി സംസ്ഥാന നേതാക്കളും തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും 21ന് രാവിലെ 10 മുതല്‍ ഒരു മണി വരെയാണു രാജ്ഭവന് മുന്നില്‍ സത്യഗ്രഹം നടത്തുകയെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചു.

കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നതാണു സമരത്തില്‍ ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോഴും കേരളത്തിലെ പ്രതിപക്ഷം ചെറുവിരല്‍ അനക്കുന്നില്ല. അന്ധമായ രാഷ്ട്രീയ നിലപാടും കേന്ദ്ര സര്‍ക്കാറിനോടുള്ള വിധേയത്വവുമാണ് പ്രതിപക്ഷ നിലപാടിന് പിന്നില്‍. ഇതും കേരളത്തോടുള്ള പ്രതികാര മനോഭാവമായേ കാണാന്‍ കഴിയൂ.

കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ക്കൊപ്പം ഗവര്‍ണറും സംസ്ഥാനത്തിനെതരെ നിഷേധ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നില്ല. ഒപ്പിടാത്ത പക്ഷം തിരിച്ചയക്കുകയോ രാഷ്ട്രപതിക്കയക്കുകയോ ചെയ്യാമെങ്കിലും അതും ചെയ്യാതെ ഫയല്‍ പിടിച്ചുവച്ചിരിക്കുകയാണ്. ഇങ്ങനെ ഫയല്‍ അനന്തമായി പിടിച്ച് വെക്കുന്നത് ജനാധിപത്യ വിരുദ്ധവും ഫെഡറലിസത്തിന്റെ അന്തസത്തക്ക് വിരുദ്ധവുമാണ്. ഈ സമീപനം ഗവര്‍ണര്‍ തിരുത്തണമെന്നും സമരത്തില്‍ ആവശ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *