ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അറസ്റ്റില്‍

ഹൈദാരാബാദ് : അഴിമതിക്കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടി ഡി പി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. തന്നെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതായി ചന്ദ്രബാബു നായിഡു അടുത്തിടെ പറഞ്ഞിരുന്നു.

2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. നായിഡുവിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. നന്ദ്യാല്‍ റേഞ്ച് ഡി ഐ ജി രഘുരാമി റെഡ്ഡിയുടെയും െ്രെകം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും (സി ഐ ഡി) നേതൃത്വത്തില്‍ വലിയൊരു പോലീസ് സംഘം പുലര്‍ച്ചെ മൂന്നു മണിയോടെ അറസ്റ്റിനെത്തിയത് തര്‍ക്കത്തിനു കാരണമായി.

നന്ദ്യാലയില്‍ പൊതുയോഗത്തിനു ശേഷം നഗരത്തിലെ ആര്‍ കെ ഫംഗ്ഷന്‍ ഹാളില്‍ തന്റെ കാരവാനില്‍ വിശ്രമിക്കുകയായിരുന്നു നായിഡു. ഇവിടെ വച്ച് കസ്റ്റഡിയില്‍ എടുക്കാനാണു സംഘം എത്തിയത്.

വന്‍തോതില്‍ തടിച്ചുകൂടിയ ടി ഡി പി പ്രവര്‍ത്തകര്‍ പോലീസിനെ തടഞ്ഞു. നായിഡുവിനു കാവല്‍ നില്‍ക്കുന്ന എസ് പി ജി സേനയും പോലീസ് നീക്കം തടസ്സപ്പെടുത്തി. ദീര്‍ഘ നേരം നീണ്ടു നിന്ന ചര്‍ച്ചയെ തുടര്‍ന്നു രാവിലെ ആറു മണിയോടെ പോലീസ് നായിഡുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എ പി സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ ഒന്നാം പ്രതിയായ നായിഡുവിനെ അറസ്റ്റ് ചെയ്യുകയാണെന്ന് ഡി ഐ ജി പറഞ്ഞു. അതിനു ശേഷം അറസ്റ്റ് വാറണ്ട് കൈമാറുകയായിരുന്നു.

അറസ്റ്റ് ചെയ്ത നായിഡുവിനെ വിജയവാഡയിലേക്കു മാറ്റും. കേസുമായി ബന്ധപ്പെട്ട് എല്ലാ വിശദാംശങ്ങളും വസ്തുക്കളും കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *