ഓട്ടോ ആറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ 3 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

മാവേലിക്കര : നിയന്ത്രണം വിട്ട ഓട്ടോ ആറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.

സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തുനിന്നാണ് ഇന്ന് രാവിലെ ഏഴേകാലോടെ കാശിനാഥിന്റെ മൃതദേഹം ലഭിച്ചത്. ക്ഷേത്രത്തില്‍ പോയി മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ നിയന്ത്രണംതെറ്റി ഇന്നലെ വൈകിട്ടോടെ അച്ചന്‍കോവിലാറ്റിലേക്ക് മറിയുകയായിരുന്നു. സംഭവത്തില്‍ കാശിനാഥിന്റെ മാതാവ് ആതിര എസ് നായര്‍ (31) ഇന്നലെ മരിച്ചിരുന്നു.

വെണ്‍മണി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വലിയ പറമ്പില്‍ ശൈലേഷും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് കൊല്ലകടവ് ചാക്കോ റോഡില്‍ പനച്ചമൂട് ഭാഗത്ത് മറിഞ്ഞത്. കരയംവട്ടം ഹനുമാന്‍ ക്ഷേത്രത്തില്‍ പോയി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ശൈലേഷ് (അനു45), ഭാര്യ ആതിര എസ് നായര്‍, മക്കളായ കീര്‍ത്തന (11), കാശിനാഥ്, ഓട്ടോെ ഡ്രൈവര്‍  ഇവരുടെ സമീപവാസിയായ ഒറ്റപ്ലാവ് നില്‍ക്കുന്നതില്‍ ലബനോനില്‍ സജു സണ്ണി (45) എന്നിവരാണ് ഓട്ടോയില്‍ സഞ്ചരിച്ചിരുന്നത്.

സംഭവം കണ്ട യുവാക്കള്‍ ഉടനെ രക്ഷാ പ്രവര്‍ത്തനം നടത്തി ശൈലേഷ്, മകള്‍ കീര്‍ത്തന, ഓട്ടോ ഡ്രൈവര്‍ സജു എന്നിവരെ രക്ഷപെടുത്തി. പിന്നീടാണ് ആതിരയെ കണ്ടെത്താനായത്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാവേലിക്കര ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയിരുന്നു. രാത്രി വൈകിയും അഗ്‌നിശമന സേന സ്‌കൂബ വിഭാഗം തിരച്ചില്‍ തുടര്‍ന്നു. ശൈലേഷ്, കീര്‍ത്തന, സജു എന്നിവര്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *