പുതുപ്പള്ളിയില്‍ നിശബ്ദ പ്രചാരണം തകൃതി; വോട്ടെടുപ്പ് നാളെ

കോട്ടയം : നിയമസഭാ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പുതുപ്പള്ളിയില്‍ നിശബ്ദ പ്രചാരണം തകൃതിയായി നടക്കുന്നു. 25 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്നലെ വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ സമാപനമായിരുന്നു. നാളെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് സാമഗ്രികള്‍ ഇന്ന് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും.

പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ പാമ്പാടിയാണ് മൂന്ന് മുന്നണികളും കൊട്ടിക്കലാശത്തിന് തിരഞ്ഞെടുത്തത്. എട്ട് പഞ്ചായത്ത് ആസ്ഥാനങ്ങളിലും കൊട്ടിക്കലാശം സംഘടിപ്പിച്ചെങ്കിലും പാമ്പാടിയിലaായിരുന്നു പ്രധാന പരിപാടി. മൂന്ന് മുന്നണികളും തങ്ങളുടെ ശക്തി പ്രകടനവുമായി പാമ്പാടിയില്‍ സംഗമിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകരും അണിചേര്‍ന്നു. കൃത്യം ആറോടെ പോലീസ് ഇടപെട്ട് ഉച്ചഭാഷിണികള്‍ നിര്‍ത്തിവെപ്പിച്ചതോടെ കൊട്ടിക്കലാശത്തിന് അവസാനമായി.

യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി തോമസും എന്‍ ഡി എ സ്ഥാനാര്‍ഥി ലിജിന്‍ ലാലുമാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. എ എ പി, സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരിക്കുന്നുണ്ട്. പാമ്പാടിയിലെ കലാശക്കൊട്ടില്‍ ചാണ്ടി ഉമ്മന്‍ പങ്കാളി ആയില്ല. നാലോടെ പാമ്പാടിയിലെത്തി അയര്‍ക്കുന്നത്തേക്ക് പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *