നാടിന്റെ വസ്തുസ്ഥിതി പരിശോധിക്കുന്നതില്‍ എന്തിനാണ് ആശങ്കയെന്ന് മുഖ്യമന്ത്രി

കോട്ടയം : നാടിന്റെ വസ്തുസ്ഥിതി പരിശോധിക്കുന്നതില്‍ എന്തിനാണ് ആശങ്കയെന്നും മണ്ഡലത്തിന്റെ യഥാര്‍ഥ സ്ഥിതി എന്താണെന്ന് പുതുപ്പള്ളിക്കാര്‍ക്ക് അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുപ്പള്ളി ടൗണില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആദ്യമായാണ് അദ്ദേഹം മണ്ഡലത്തിലെത്തുന്നത്.

തുടര്‍ ഭരണം നേടിയ തന്റെ സര്‍ക്കാറിന്റെ കഴിഞ്ഞ ഏഴ് വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും യു ഡി എഫിന്റെ വികസന മുരടിപ്പും പുരോഗതിയോടുള്ള എതിര്‍പ്പും കുറ്റപ്പെടുത്തിയുമായിരുന്നു പിണറായിയുടെ പ്രസംഗം. നാടിന്റെ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് 2016ല്‍ ജനങ്ങള്‍ ഇതിനി സഹിക്കാന്‍ പറ്റില്ലെന്ന തീരുമാനമെടുത്തു. അങ്ങനെയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.

നാടിനോടുള്ള പ്രതിബദ്ധതയില്‍ നിന്നാണ് വികസനമുണ്ടാകുന്നത്. കേരളമാകെ എല്ലാ പ്രദേശങ്ങളും വികസനത്തിന്റെ സ്വാദറിയണം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ പല കാര്യങ്ങളിലും വ്യക്തത വരും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. യു ഡി എഫ് ഭരണകാലത്ത് സ്തംഭനാവസ്ഥയിലായിരുന്ന പവര്‍ ഹൈവേ, ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, പൊതു വിദ്യാഭ്യാസ യജ്ഞം അടക്കമുള്ള വിഷയങ്ങള്‍ അദ്ദേഹം എടുത്തിട്ടു. ഈ പദ്ധതികളില്‍ എല്‍ ഡി എഫ് സര്‍ക്കാറിന് ലഭിച്ച ജനസമ്മിതിയും പിണറായി ഉയര്‍ത്തിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *